'അംബേദ്കറെ ദളിത് നേതാവായല്ല കാണേണ്ടത്, രാഷ്ട്രഗുരുവാണ്'; ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍

ബാബാ സാഹിബ് അംബേദ്കര്‍ വിശ്വ രത്‌നമായി അടയാളപ്പെടുത്തേണ്ട ആളാണെന്നും ഗവര്‍ണര്‍

dot image

തിരുവനന്തപുരം: ഡോ. ബി ആര്‍ അംബേദ്കറിന്‍റെ സംഭാവനകള്‍ ഭാരത്‌രത്‌നയ്ക്കും മുകളിലാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. എല്ലാവരും അംബേദ്കറുടെ ആത്മകഥ വായിക്കണമെന്നും അദ്ദേഹം രാഷ്ട്ര ഗുരുവാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ദളിത് നേതാവ് ആയിട്ടല്ല അംബേദ്കറെ കാണേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ബാബാ സാഹിബ് അംബേദ്കര്‍ വിശ്വ രത്‌നമായി അടയാളപ്പെടുത്തേണ്ട ആളാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സംവരണം ഒരാളുടെയും അവസരങ്ങള്‍ ഇല്ലാതാക്കാനല്ലെന്നും സമൂഹത്തില്‍ പരിഗണന ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം വേണ്ടെന്നും അര്‍ലേക്കര്‍ പറഞ്ഞു. 'സ്വാതന്ത്ര്യത്തിന് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരം കോണ്‍ഗ്രസ് സംഘടിപ്പിക്കേണ്ടിവരുന്നു. ഇത് നാം ഇത്രയും കാലം തെറ്റായാണ് ചിന്തിച്ചിരുന്നതെന്ന് തെളിയിക്കുന്നു. എസ്‌സി, എസ്ടി വിഭാഗങ്ങളുടെ വികസനത്തിന് നാം എന്ത് ചെയ്തു എന്നത് പരിശോധിക്കണം', ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ദളിത് പ്രോഗ്രസ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദളിതരല്ലാത്തവരുടെ മനോനിലയില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും സമ്പത്ത് ഉണ്ടായാലും ദളിതർക്ക് സമൂഹത്തില്‍ ലഭിക്കേണ്ട മാന്യത ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ദളിതർ അല്ലാത്തവരുടെ മനോനിലയുടെ പ്രശ്‌നമാണ്. നിയമപരവും ഭരണഘടനാപരവുമായ പ്രശ്‌നങ്ങള്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ ആദ്യം മാറേണ്ടത് മനുഷ്യന്റെ മനസ്സാണെന്നും അര്‍ലേക്കര്‍ ചൂണ്ടിക്കാട്ടി.

അതേസമയം വന്യജീവി ആക്രമണത്തെക്കുറിച്ച് കോണ്‍ക്ലേവില്‍ പത്മശ്രീ അവാര്‍ഡ് ജേതാവ് ലക്ഷ്മി കുട്ടിയമ്മ സംസാരിച്ചു. ഇടതായാലും വലതായാലും കട്ടുറുമ്പു മുതല്‍ കരിമൂഖന്‍ വരെ കടിച്ചാല്‍ എന്റെ അടുത്താണ് വരുന്നതെന്നും വനം മുഴുവനും നശിപ്പിച്ചെന്നും അവര്‍ പറഞ്ഞു. സ്‌പെഷ്യല്‍ ടൂറിസം എന്നു പറഞ്ഞ് കാട് നശിപ്പിച്ചെന്നും ഇന്ന് മൃഗാധിപത്യമാണ് നടക്കുന്നതെന്നും ലക്ഷ്മി കുട്ടിയമ്മ പറഞ്ഞു.

'പണ്ട് ഇന്നത്തെ അത്ര വന്യമൃഗശല്യം ഉണ്ടായിരുന്നില്ല. തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിര്‍ത്താല്‍ മൃഗങ്ങള്‍ ഓടും. ഇന്ന് മൃഗങ്ങള്‍ അടുക്കളയില്‍ വരെ കയറുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളന്മാരാണ്. വനംവകുപ്പ് നിയമങ്ങള്‍ ഊരാകുരുക്കായി മാറി. മൃഗ-പ്രകൃതി സ്‌നേഹികളെ നിയന്ത്രിച്ചില്ലെങ്കില്‍ ആദിവാസികള്‍ കഷ്ടത്തിലാകും', ലക്ഷ്മി കുട്ടിയമ്മ പറഞ്ഞു.

എന്നാല്‍ ലക്ഷ്മി കുട്ടി പറഞ്ഞത് പ്രധാനപ്പെട്ട കാര്യമാണെന്ന് ഗവര്‍ണറും അഭിപ്രായപ്പെട്ടു. മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ പ്രധാന പ്രശ്‌നം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഗോവയില്‍ വനം മന്ത്രിയായിരുന്നുവെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന്
തനിക്ക് അറിയാമെന്നും അര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Governor Rajendra Arlekar says Dr B R Ambedkar must consider as Rashtra Guru

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us