
കൊച്ചി: പൊതുനിരത്തിൽ തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികൾ. കളമശേരിയിലാണ് സംഭവം. പതിനെട്ടാം വാർഡിലെ റോഡരികിൽ മൂന്ന് ചാക്ക് മാലിന്യമാണ് തൃക്കാക്കരയിൽ താമസിക്കുന്നയാൾ കൊണ്ടുവന്ന് തള്ളിയത്. നഗരസഭയുടെ ശുചീകരണ വിഭാഗത്തിലെ ജീവനക്കാർ ജോലിക്ക് എത്തിയപ്പോൾ ചാക്ക് കാണുകയും തുറന്ന് പരിശോധിക്കുകയുമായിരുന്നു.
മാലിന്യത്തിൽ നിന്നും വിലാസം കണ്ടെടുത്തതോടെയാണ് ഉടമയിലേക്കെത്തിയത്. മറ്റൊരാളുടെ കയ്യിലാണ് മാലിന്യം കൊടുത്തുവിട്ടത്. ഇയാൾ മാലിന്യം വഴിയിൽ കളയുകയായിരുന്നുവെന്നാണ് വീട്ടുടമയുടെ മൊഴി. മുനിസിപ്പൽ നിയമപ്രകാരം 15000 രൂപ പിഴ ഈടാക്കുകയും കർശന താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് കൗൺസിലിന്റെ നിർദേശം.
നഗരത്തിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് എൻഎഡി, സീപോർട്ട്-എയർപോർട്ട് റോഡ് എന്നിവ. ഇവിടങ്ങൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ലഭിച്ച വിലാസങ്ങൾ പ്രകാരം പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിന് നോട്ടീസയച്ച് പിഴ ഈടാക്കുന്ന നടപടി തുടരുകയാണ്.
Content Highlights: Sanitation workers return garbage dumped on public roads by identifying the address