പനിയും ജലദോഷവും; തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികൾ ആശുപത്രിയിൽ

കഴിഞ്ഞ ദിവസം അഞ്ചരമാസം പ്രായമുള്ള കുട്ടി മരിച്ചത് ഇൻഫെക്ഷൻ ബാധിച്ചാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി റിപ്പോർട്ടറിനോട് പറഞ്ഞു

dot image

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും ബാധിച്ചതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

അതേസമയം, കഴിഞ്ഞ ദിവസം അഞ്ചരമാസം പ്രായമുള്ള കുട്ടി മരിച്ചത് ഇൻഫെക്ഷൻ ബാധിച്ചാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി റിപ്പോർട്ടറിനോട് പറഞ്ഞു. യഥാസമയം ചികിത്സ നൽകിയിരുന്നു. ഒരു വയസ്സിന് താഴെയുള്ള 44 കുട്ടികളുണ്ട്. പ്രത്യേകം പരിചരണം വേണ്ട കുട്ടികളാണ്. ഒരു കുട്ടി രണ്ടു മാസമായി ആശുപത്രിയിലാണ്.

നിലവിൽ ആറു കുട്ടികളാണ് ആശുപത്രിയിലുള്ളതെന്നും ശ്വാസതടസ്സം കാരണമാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഒരു കുട്ടിയെക്കൂടി അഡ്മിറ്റ് ചെയ്തിരുന്നു. ഒന്നും മറച്ചു വയ്ക്കാനില്ല. പൊതുസമൂഹത്തിന്റെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. കെട്ടിട നവീകരണവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ടെന്നും പൂർണ്ണതോതിൽ അല്ല കെട്ടിടം പൊളിക്കുന്നതെന്നും അരുൺ ഗോപി പറഞ്ഞു.

45 ദിവസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കും. പൊടി ഉയരുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രശ്നങ്ങളുമില്ല. ഡോക്ടർമാർ കൃത്യമായി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം മരിച്ച അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന് ന്യൂമോണിയ ബാധിച്ചിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കുഞ്ഞിന് അണുബാധയുണ്ടായിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പാൽ തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ചുവെന്നായിരുന്നു പ്രാഥമിക വിവരം. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞായിരുന്നു ഇത്.

Content Highlights: Six children from the Thiruvananthapuram Child Welfare Committee hospitalized

dot image
To advertise here,contact us
dot image