
തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ച പൂര്‍ത്തിയായി. ബില്ല് പാസാക്കുന്നത് സഭ നാളത്തേക്ക് മാറ്റി. സ്വകാര്യ സര്‍വകലാശാല വകുപ്പ് തിരിച്ചുള്ള ഭേദഗതി പരിശോധന നാളെയും തുടരും. ചര്‍ച്ച പൂര്‍ത്തിയായെങ്കിലും സമയക്കുറവ് കാരണം ബില്ല് പാസാക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു.
ഇന്ന് നിയമസഭയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് ബില്ല് അവതരിപ്പിച്ചത്. സ്വകാര്യ മേഖലയ്ക്ക് കൂടി ഇടം നല്‍കി ഉന്നത വിദ്യാഭ്യാസമേഖലയെ കൂടുതല്‍ മികവുറ്റതാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യനീതി സങ്കല്‍പ്പം ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് ബില്ല് തയ്യാറാക്കിയതെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.
'പൊതു സര്‍വകലാശാലകളെ ശാക്തീകരിക്കാനാണ് കമ്മീഷന്‍ ശുപാര്‍ശ വന്ന ഘട്ടത്തില്‍ പരിഗണിക്കാതിരുന്നത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമായിരിക്കും സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുക. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ പറയുന്ന രീതിയിലും സമയത്തിനുള്ളിലും നല്‍കണം', മന്ത്രി പറഞ്ഞു.
സ്വകാര്യ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്‍ ഉണ്ടാകുമെന്നും എന്‍ഡോവ്‌മെന്റ് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാല പിരിച്ചുവിടുന്നത് വരെ തുക ട്രഷറിയില്‍ തുടരണമെന്നും സര്‍വകലാശാലകളുടെ അംഗീകാരം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. നയപരമായ കാര്യങ്ങളില്‍ നിര്‍ദേശം നല്‍കാനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് ആര്‍ ബിന്ദു പറഞ്ഞു.
എന്നാല്‍ സ്വകാര്യ സര്‍വകലാശാല ബില്ലില്‍ സിപിഐഎമ്മിന്റെ നയം മാറ്റത്തെ അനുകൂലിച്ചും ബില്ലിനെ എതിര്‍ത്തും പ്രതിപക്ഷം രംഗത്തെത്തി. സബ്ജക്ട് കമ്മറ്റിയിലും സഭയിലും വ്യവസ്ഥകളില്‍ പ്രതിപക്ഷം എതിര്‍പ്പ് വ്യക്തമാക്കി. സ്വകാര്യ സര്‍വകലാശാലകള്‍ നടപ്പിലാക്കണമെന്നും സര്‍ക്കാരിന്റെ നയം മാറ്റം സ്വാഗതാര്‍ഹമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധി നേരിടുന്നു, വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുന്നു, ബില്ലില്‍ നിയമനിര്‍മാണത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പൂര്‍ണമായും സാക്ഷാത്കരിക്കുന്ന വ്യവസ്ഥകള്‍ ഇല്ല, പിന്നാക്ക ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഫീസ് ഇളവും സ്‌കോളര്‍ഷിപ്പും ലഭിക്കുന്നതിന് വ്യവസ്ഥയില്ല, സ്വകാര്യ സര്‍വകലാശാലകള്‍ ഫീസ് കുത്തനെ ഉയര്‍ത്തിയാല്‍ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ല തുടങ്ങിയ വിയോജിപ്പും രേഖപ്പെടുത്തി.
ഇത് ദരിദ്ര പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് പഠന അവസരം നിഷേധിക്കുമെന്നും സംവരണ വ്യവസ്ഥകള്‍ അപര്യാപ്തമാണെന്നും പ്രതിപക്ഷം പറഞ്ഞു. സ്‌പോണ്‍സറിങ് ബോഡികള്‍ക്ക് അക്കാദമിക രംഗത്തെ മുന്‍ പരിചയം ഉള്‍പ്പെടെയുള്ള യോഗ്യതകള്‍ നിശ്ചയിച്ചില്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുമെന്നും പറയുന്നു. ആബിദ് ഹുസൈന്‍ തങ്ങള്‍, ടീ വി ഇബ്രാഹിം, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരാണ് വിയോജനം രേഖപ്പെടുത്തി സംസാരിച്ചത്. 10 വര്‍ഷം മുന്‍പ് നിര്‍ത്താതെ പോയ ബസ്സിനെയാണ് ഇപ്പോള്‍ കൈ കാണിച്ചു നിര്‍ത്തുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ 10 വര്‍ഷക്കാലമാണ് ഇല്ലാതായതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Discussion on Private universities in Kerala over in Niyamasabha