
കൊച്ചി: മദ്യലഹരിയിൽ യുവാവ് നടത്തിയ കാർ ചേസിങ് അപകടത്തിൽ കലാശിച്ചു. തിരക്കേറിയ എസ്എ റോഡിൽ പട്ടാപ്പകലായിരുന്നു സംഭവം. വിനോദ സഞ്ചാരിയായ ഗോവൻ യുവതിക്ക് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഓൾഡ് ഗോവ സ്വദേശി എസ്തേവാം ഫെറോവിന്റെ ഭാര്യ ജയ്സെൽ ഗോമസിനാ(35)ണ് പരിക്കേറ്റത്. ഇവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യലഹരിയിൽ വാഹനമോടിച്ചതിന് കാർ ഡ്രൈവർ ചാലക്കുടി സ്വദേശി യാസിറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് മൂന്നരയോടെ എസ്എ റോഡിൽ കടവന്ത്ര മെട്രോ സ്റ്റേഷന് എതിർവശത്തായിരുന്നു സംഭവം. പള്ളിമുക്ക് ഭാഗത്തുനിന്ന് കടവന്ത്രയിലേക്ക് ബൈക്ക് യാത്രികനെ ചേസ് ചെയ്ത് എത്തുകയായിരുന്നു യാസിർ.
പള്ളിമുക്ക് സിഗ്നലിൽ ബൈക്ക് യാത്രികൻ സൈഡ് നൽകാതിരുന്നതിനെ തുടർന്ന് പ്രകോപിതനായ യാസിർ ചേസ് ചെയ്ത് എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ മുൻസീറ്റിൽ യാസിറും ഒരു പെൺകുട്ടിയുമാണ് ഉണ്ടായിരുന്നത്. പിന്നിലുണ്ടായിരുന്ന രണ്ട് യുവാക്കൾ ഓടി രക്ഷപ്പെട്ടു. . ബൈക്കിനെ പിന്തുടർന്ന് കടവന്ത്ര മെട്രോ സ്റ്റേഷന് സമീപത്തെ കലുങ്കിന് സമീപമെത്തിയപ്പോൾ യാസിർ റോഡിനു കുറുകെ കാർ വെട്ടിത്തിരിച്ചു. ബൈക്ക് യാത്രികനെ തട്ടിവീഴ്ത്തുകയും ചെയ്തു.
ഇതോടെ, നിയന്ത്രണം വിട്ട കാർ സമീപത്തു കൂടി നടന്നു പോവുകയായിരുന്ന ജയ്സെലിനെ കലുങ്കിന്റെ കൈവരിയിലേക്കു ചേർത്ത് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും യാസിറും തമ്മിൽ ചെറിയ തോതിൽ സംഘർഷവുമുണ്ടായി. കാർ കടവന്ത്ര പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: Kochi Drunk Driving Car Chase hit Goan Tourist