'എന്റെ പൊന്നു സുഹൃത്തേ,സ്വകാര്യ സംഘടനകൾ നൽകുന്ന അവാർഡല്ല ഇത്'; രാഹുൽ മാങ്കൂട്ടത്തിലിന് ആർ ബിന്ദുവിൻ്റെ മറുപടി

എന്തിനെയും മുടക്കുന്ന ചുവന്ന കൊടികൊണ്ട് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പത്തുവര്‍ഷം നഷ്ടമായെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

dot image

തിരുവനന്തപുരം: പത്തുവര്‍ഷം മുമ്പ് നിര്‍ത്താതെ പോയ ബസ്സിനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഇരിഞ്ഞാലക്കുടയില്‍ നിന്ന് കൈ കാണിക്കുന്നതെന്ന് പരിഹസിച്ച് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. എന്തിനെയും മുടക്കുന്ന ചുവന്ന കൊടികൊണ്ട് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പത്തുവര്‍ഷം നഷ്ടമായെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സ്വകാര്യ സര്‍വകലാശാല ബില്ലിന് മേലുള്ള ചര്‍ച്ചയിലായിരുന്നു എംഎല്‍എയുടെ പരിഹാസം.

എന്തുവിലകൊടുത്തും വിദ്യാഭ്യാസ കച്ചവടത്തെ തടയുമെന്നും അദ്ദേഹം പറഞ്ഞു. 'പുഷ്പനെ അറിയാമോ…' നിങ്ങള്‍ പോലും മറന്നു പോയ പുഷ്പനെ നാട്ടുകാര്‍ എങ്ങനെ അറിയാനാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പുതുതായി നിര്‍മ്മിച്ച പാര്‍ട്ടി ഓഫീസിന് 'സഖാവ് പുഷ്പനെ അറിയാമോ മെമ്മോറിയല്‍' എന്ന പേരിടണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. അതേസമയം യുഡിഎഫ് ഭരണകാലത്ത് കേരളത്തെ പൊതു സര്‍വകലാശാലകളുടെ അവസ്ഥ എന്തായിരുന്നുവെന്ന് മന്ത്രി ബിന്ദു തിരിച്ചു ചോദിച്ചു.


പൊതുവിദ്യാഭ്യാസ മേഖലയുടെ ഇരുണ്ട കാലമായിരുന്നു യുഡിഎഫ് ഭരണകാലമെന്നും എത്ര വിദ്യാലയങ്ങളാണ് അന്ന് പൂട്ടി പോയതെന്നും മന്ത്രി പറഞ്ഞു. അതില്‍ നിന്ന് നേരെ വിപരീതമായ നിലപാടാണ് പിണറായി സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യകരമായ മത്സരങ്ങള്‍ക്ക് ഇന്ന് കേരളത്തിലെ പൊതു സര്‍വകലാശാലകള്‍ സജ്ജമാണെന്ന് പറഞ്ഞ മന്ത്രി സര്‍വകലാശാലകാളുടെ അന്താരാഷ്ട്ര റാങ്കിങ്ങിനെ വിമര്‍ശിച്ചതിനും എംഎല്‍എയ്ക്ക് മറുപടി നല്‍കി.

'എന്റെ പൊന്നു സുഹൃത്തേ, സ്വകാര്യ സംഘടനകള്‍ നല്‍കുന്ന അവാര്‍ഡ് അല്ല ഇത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാര സൂചികയാണ് സര്‍വകലാശാലകളെ റാങ്ക് ചെയ്തത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന നേതാവിന് ഇതൊക്കെ പഠിക്കാനുള്ള ബാധ്യതയുണ്ട്', മന്ത്രി പറഞ്ഞു. അവാര്‍ഡ് കൊടുക്കുന്ന സംഘടനകളെ നേരിട്ട് കണ്ടാല്‍ അവര്‍ക്ക് അവാര്‍ഡ് കൊടുക്കണം എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം.

Content Highlights: R Bindu against Rahul Mamkoottathil in Niyamasabha

dot image
To advertise here,contact us
dot image