
കൊച്ചി: തമിഴ്നാട്ടിൽ നീലഗിരി കളക്ടറേറ്റിലേക്ക് സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആശ വർക്കർമാരുടെ സമരത്തിൽ സിപിഐഎമ്മിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് അബിൻ വർക്കി. കേരളത്തിൽ 21,000 രൂപ ഓണറേറിയം വർധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാരെ സിപിഐഎം ദിനംപ്രതി അധിക്ഷേപിക്കുമ്പോഴാണ് തൊട്ടപ്പുറത്ത് ഇവർ തന്നെ ഈ സമരം ചെയ്യുന്നതെന്നായിരുന്നു അബിൻ വർക്കി ഫേസ്ബുക്കിൽ കുറിച്ചത്. 'ഉളുപ്പില്ലായ്മയെ നിങ്ങളുടെ പേരോ കമ്യൂണിസം എന്ന് ചോദിച്ചാൽ അത് അതിശയോക്തിയാകുമോ', എന്നും അബിൻ കുറിച്ചു.
അബിൻ വർക്കിയുടെ ഫേസ്ബുക്ക് കുറിപ്പ്
നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല. കേരളത്തിൽ പാലുകാച്ചുമ്പോൾ തമിഴ്നാട്ടിൽ അവർ കല്യാണം കഴിക്കും. കഴിഞ്ഞദിവസം തമിഴ്നാട്ടിൽ നീലഗിരി കളക്ടറേറ്റിലേക്ക് സിഐടിയു വിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആശാവർക്കർമാരുടെ സമരം ആണിത്. സമരത്തിന്റെ ആവശ്യം നമ്മളൊന്ന് കേൾക്കണം.
' ആശാവർക്കർമാരുടെ ഓണറേറിയം 26000 രൂപയാക്കുക '
എത്ര?
26000 രൂപ
കേരളത്തിൽ സമരം ചെയ്യുന്ന ആശവർക്കർമാരുടെ ആവശ്യം എത്രയാണ്?
21000 രൂപ
സമരം ചെയ്യുന്നത് കളക്ടറേറ്റിന്റെ മുന്നിലേക്ക്. കേന്ദ്ര സർക്കാരാണ് ഇതൊക്കെ തരുന്നത് എന്ന കേരളത്തിലെ ആരോഗ്യ മന്ത്രിയുടെ വാദം ശരിയാണെങ്കിൽ എന്തുകൊണ്ട് ഒരു പോസ്റ്റ് ഓഫീസിന് മുൻപിലേക്കോ കേന്ദ്രസർക്കാർ ഓഫീസിനു മുന്നിലേക്കോ സിഐടിയു സമരം ചെയ്തില്ല? സമരം ചെയ്യുന്നത് സംസ്ഥാന സർക്കാരിന്റെ ഓഫീസിനു മുന്നിലേക്ക്.
കേരളത്തിൽ 21,000 രൂപ ഓണറേറിയം വർധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന്റെ മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാരെ സിപിഎം ദിനംപ്രതി അധിക്ഷേപിക്കുമ്പോഴാണ് തൊട്ടപ്പുറം ഇവർ തന്നെ ഈ സമരം ചെയ്യുന്നത്.
ഉളുപ്പില്ലായ്മയെ നിങ്ങളുടെ പേരോ കമ്യൂണിസം എന്ന് ചോദിച്ചാൽ അത് അതിശയോക്തിയാകുമോ..
Nb :- ആ പോസ്റ്ററിലുള്ള ഡേറ്റിന്റെ കാര്യം പറഞ്ഞ് ക്യാപ്സ്യൂൾ ഇടാൻ വരുന്ന സൈബർ സഖാക്കന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിങ്ങളുടെ തമിഴ്നാട്ടിലെ സഖാക്കന്മാർക്ക് ഡേറ്റ് മാറിപ്പോയതാണ് അവർ അത് തിരുത്തി ബാനറിൽ അടിച്ചിരിക്കുന്നത് നിങ്ങൾക്ക് കാണാവുന്നതാണ്.
നന്ദി.. വീണ്ടും വരിക..
Content Highlights: Abin Varkey against cpim on Asha workers' strike under the auspices of CITU