
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സയച്ച് സിബിഐ കോടതി. അടുത്ത മാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. ആറ് കുറ്റപത്രങ്ങളിലാണ് സിബിഐ ഇരുവരെയും പ്രതി ചേര്‍ത്തത്. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് സിബിഐ സമന്‍സ് അയച്ചിരിക്കുന്നത്. കേസില്‍ തുടരന്വേഷണം നടത്തണം, കുട്ടികളുടേത് കൊലപാതകമാണെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ സിബിഐ മുഖവിലയ്‌ക്കെടത്തില്ല തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
അതേസമയം യഥാര്‍ത്ഥ പ്രതികളില്‍ എത്താന്‍ കഴിയാത്ത കാരണമാണ് തങ്ങളെ പ്രതി ചേര്‍ത്തതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. കോടതിയില്‍ ഹാജരാവുമെന്നും തങ്ങളെ ഒറ്റപ്പെടുത്തലാണ് സിബിഐയുടെ ഉദ്ദേശമെന്നും അവര്‍ പറഞ്ഞു. മക്കളെ കൊന്നവരെ കണ്ടെത്തുക എന്നതാണ് തങ്ങളുടെ ആവശ്യം. കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല. സമര സമിതിയുമായി ആലോചിച്ച് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്നും അമ്മ പറഞ്ഞു.
സിബിഐയുടെ കുറ്റപത്രത്തില്‍ അമ്മയും അച്ഛനും രണ്ടും മൂന്നും പ്രതികളാണ്. കുറ്റപത്രത്തില്‍ അമ്മയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമുണ്ട്. കുട്ടികളുടെ മുന്നില്‍ വെച്ച് കേസിലെ ഒന്നാം പ്രതിയായ വലിയ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. മൂത്ത മകളെ ഒന്നാം പ്രതി ലൈംഗികാതിക്രമം നടത്തിയത് അറിഞ്ഞിട്ടും ഇളയ മകള്‍ക്കെതിരെയും ലൈംഗികാതിക്രമം നടത്താന്‍ അമ്മ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ അമ്മയുടെയും അച്ഛന്റെയും പ്രേരണയുണ്ടായിരുന്നു. ഒന്നാം പ്രതി തന്റെ മൂത്ത മകളെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് അറിഞ്ഞതിന് ശേഷവും അവധി ദിനങ്ങളില്‍ മദ്യപിച്ച് വീട്ടില്‍ വരാന്‍ ഇയാളെ അമ്മ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും സിബിഐ കണ്ടെത്തി. മൂത്ത മകളുടെ മരണത്തിന് ശേഷവും ഇളയ കുട്ടിയെ ഒന്നാം പ്രതിയുടെ വീട്ടില്‍ മാതാപിതാക്കള്‍ പറഞ്ഞയക്കാറുണ്ടായിരുന്നുവെന്ന കണ്ടെത്തലും കുറ്റപത്രത്തിലുണ്ട്. എന്നാല്‍ തന്റെ സഹോദരിയുമായി നല്ല അടുപ്പമുണ്ടായിരുന്ന ഇളയകുട്ടിക്ക് ഒന്നാം പ്രതി ഉപദ്രവിച്ച കാര്യങ്ങള്‍ അറിയാമായിരുന്നുവെന്നും സിബിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മാതാപിതാക്കളുടെ മനപ്പൂര്‍വമുള്ള അശ്രദ്ധ കാരണമാണ് രണ്ട് മക്കളും പീഡിപ്പിക്കപ്പെട്ടതെന്ന് പറഞ്ഞാണ് സിബിഐ കുറ്റപത്രം അവസാനിപ്പിക്കുന്നത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു സിബിഐ അന്വേഷണം നടത്തിയത്.
Content Highlights: CBI Court send summons to Walayar parents