
തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബില്‍ പാസാക്കി നിയമസഭ. കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസവും ഇന്നും നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്ല് സഭ പാസാക്കിയത്. സിപിഐഎമ്മിന്റെ നയം മാറ്റത്തെ സ്വീകരിക്കുന്നുവെങ്കിലും സ്വകാര്യ സര്‍വകലാശാല ബില്ലിലെ വിവിധ പ്രശ്‌നങ്ങളെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സ്വകാര്യ സര്‍വകലാശാല ബില്ലില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്നും സ്വകാര്യ സര്‍വകലാശാലകള്‍ പൊതുമേഖലയിലെ സര്‍വകലാശാലകളെയും കോളേജുകളെയും എങ്ങനെ ബാധിക്കും എന്ന് പഠിക്കണമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
'പൊതു മേഖലയിലെ സര്‍വകലാശാലകള്‍ക്ക് മുന്‍ഗണന നല്‍കണം. ഏതു കോര്‍പ്പറേറ്റുകള്‍ക്കും സര്‍വകലാശാല തുടങ്ങാമെന്ന അവസ്ഥ ഒഴിവാക്കണം. കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സികള്‍ക്ക് ഇത്തരം സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ അവസരം നല്‍കണം. ഇത്തരം ഏജന്‍സികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായകമായ പങ്ക് വഹിച്ചവരാണ്. ബില്ല് നടപ്പാക്കുന്നതിന് മുമ്പ് ഗൗരവമായ പരിശോധന നടത്തണം', അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിമര്‍ശനമായി കാണരുത്, നിര്‍ദ്ദേശമായി എടുക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്ത് സ്റ്റുഡന്റ് മൈഗ്രേഷന്‍ വ്യാപകമാണെന്നും ഈ നിയമം സ്റ്റുഡന്റ് മൈഗ്രേഷന്‍ തടയാന്‍ ഉതകുന്നതാണോയെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വിശദമായ പഠനം നടത്തിക്കൊണ്ട് മാത്രമേ ഈ ബില്ല് നടപ്പിലാക്കാനാകൂവെന്നും ഇപ്പോഴത്തെ സ്വകാര്യ കോളേജുകളും സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റിയായി മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്ത് പ്രശസ്തരായ യൂണിവേഴ്‌സിറ്റികളുടെ ക്യാമ്പസ് സംസ്ഥാനത്ത് കൊണ്ടുവരാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. പത്തേക്കര്‍ സ്ഥലവും 25 കോടി എന്നതും ഉയര്‍ന്ന മാനദണ്ഡമാണെന്നും ഈ മാനദണ്ഡവും പുനഃപരിശോധിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് ആര്‍എംപി എംഎല്‍എ കെ കെ രമ അഭിപ്രായപ്പെട്ടത്. വിദ്യാഭ്യാസ കച്ചവടമാണ് നടക്കാന്‍ പോകുന്നതെന്നും കെ കെ രമ പറഞ്ഞു. പ്രതിപക്ഷത്ത് നിന്നുള്ള വ്യത്യസ്ത അഭിപ്രായമാണ് രമയുടേത്. പണമുള്ളവര്‍ക്ക് മാത്രം പഠിക്കാന്‍ കഴിയും എന്ന അവസ്ഥ ഉണ്ടാക്കുന്നുവെന്നും നേരത്തെ സ്വാശ്രയ വിദ്യാഭ്യാസത്തെ അടക്കം എതിര്‍ത്തവരാണ് ഇപ്പൊള്‍ ബില്ല് കൊണ്ടുവരുന്നതെന്നും കെ കെ രമ പറഞ്ഞു. വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും കെ കെ രമ പറഞ്ഞു.
Content Highlights: Kerala Niyamasbha pass Private University Bill