
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ മേഘയ്ക്ക് മാനസിക സംഘർഷം ഉണ്ടായിരുന്നതായി മേഘയുടെ പിതൃസഹോദരൻ ബിജു റിപ്പോർട്ടറിനോട് പറഞ്ഞു. വീടിന് സമീപത്തെ അമ്പലത്തിലെ ഉൽസവത്തിനാണ് മേഘ ഒടുവിൽ നാട്ടിലെത്തിയത്. മരണം സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും ബിജു ആവശ്യപ്പെട്ടു.
അതേസമയം, ഇന്നലെ രാവിലെ മകൾ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും എന്നാൽ അപ്പോൾ മനസ്സിൽ വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു. ഫോണിൽ വിളിച്ചിട്ട് ട്രാക്കിലേക്ക് പോയത് എന്തിനെന്ന് അറിയണം. സംസ്ക്കാര ചടങ്ങിന് ശേഷം ഐബിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് മേഘയുടെ പിതാവ്.
മരണം സംഭവിക്കുന്ന തലേ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌പ്രസാണ് മേഘയെ ഇടിച്ചത്. ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. സംഭവ സമയം ആരോടാണ് ഫോണിൽ സംസാരിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. അപകടത്തിൽ മേഘയുടെ മൊബൈൽ ഫോൺ പൂർണമായും തകർന്നിരുന്നു. ഇനി സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്.
Content Highlights :Megha's father said that Megha had called him yesterday morning