
തൃശ്ശൂർ: പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ 2025 - 26 വാർഷിക പദ്ധതിയിൽ സേവന മേഖലയ്ക്ക് പ്രാധാന്യം നൽകി. 49.43 കോടി വരവും 49.34 കോടി ചെലവും 9.34 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ വിനീതാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ അധ്യക്ഷനായി. ആശവർക്കർമാർക്ക് മാസം 2000 രൂപ വീതം നൽകുന്ന പദ്ധതിക്കായി എട്ടുലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് പഴയന്നൂര്‍
പൊതു കളിസ്ഥലങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് സിന്തറ്റിക് ഗ്രൗണ്ടാക്കിമാറ്റുന്നതിന് 50 ലക്ഷവും എളനാട് പഞ്ചായത്ത് കളിസ്ഥലം പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപയും അനുവദിച്ചു. പഴയന്നൂർ ടൗൺ ഓപ്പൺ തിയേറ്ററിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 75 ലക്ഷവും മത്സ്യക്കർഷകർക്ക് വള്ളവും വലയും വാങ്ങാൻ 10 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.
എന്നാൽ പഴയന്നൂർ പഞ്ചായത്തിൽ വികസന മുരടിപ്പാണെന്നും പൊള്ളയായ ബജറ്റാണ് അവതരിപ്പിച്ചതെന്നും പ്രതിപക്ഷനേതാവ് പി.എ. ബാബു ആരോപിച്ചു. കെ.എ. ഹംസ, സി. ശ്രീകുമാർ എ.കെ. ലത, എ. സൗഭാഗ്യവതി, കൃഷ്ണൻകുട്ടി, കെ.എം. അസീസ്, കെ.എം. ഷക്കീർ, കെ.എ. സുധീഷ്, സെക്രട്ടറി ഇൻചാർജ് മല്ലിക തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights :Pazhayannur Panchayat budget: Decision to give Rs. 2 each to 'Asha'