
പാലക്കാട്: പോത്തുണ്ടി ഇരട്ട കൊലപാതകത്തില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം പരിശോധിച്ച് അന്തിമമാക്കി. ആലത്തൂര്‍ കോടതിയിലാണ് 500ലധികം പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിക്കുക. 30ലധികം രേഖകളും ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബോയന്‍ നഗര്‍ സ്വദേശിയായ ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 130ലധികം സാക്ഷികളാണുള്ളത്.
ഇക്കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടി ബോയില്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയെയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയത്.
Content Highlights: Pothundi double murder chargesheet will be submit today