
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎംൽയെ 'പോടാ ചെറുക്കാ' എന്ന് വിളിച്ചെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ആരോപണം നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. താൻ രാഹുലിനെ അങ്ങനെ വിളിച്ചിട്ടുമില്ല, വിളിക്കുകയുമില്ലെന്ന് ആർ ബിന്ദു പറഞ്ഞു. മൈക്ക് ഓഫ് ആയിരുന്ന സമയത്താണ് താൻ അങ്ങനെ വിളിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പ്രതിപക്ഷ നേതാവ് നുണ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ബിന്ദു പറഞ്ഞു.
സര്‍വകലാശാലാ നിയമഭേദഗതി വിഷയത്തില്‍ നിയമസഭയില്‍ മന്ത്രി ആര്‍ ബിന്ദുവും പ്രതിപക്ഷവും ഏറ്റുമുട്ടിയിരുന്നു. ഇതിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ബില്‍ സംബന്ധിച്ച് മന്ത്രി ആര്‍ ബിന്ദുവിന് അറിവില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സര്‍വകലാശാലകളെ അടക്കിഭരിക്കാന്‍ മന്ത്രിക്ക് ആര്‍ത്തിയാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ രാഹുലിനെതിരെ വിമർശനവുമായി മന്ത്രിയും രംഗത്തെത്തി. തന്റെ മകന്റെ പ്രായമുള്ള ആള്‍ക്ക് തന്നെക്കുറിച്ച് ഇങ്ങനെ പറയാമെങ്കില്‍ തനിക്കും പറയാമെന്ന് മന്ത്രി പറഞ്ഞു. നാലാംകിട കുശുമ്പും നുണയും ചേര്‍ത്താണ് രാഹുല്‍ പ്രസംഗിച്ചതെന്ന് ആര്‍ ബിന്ദു പറഞ്ഞു. ഇതിന് പിന്നാലെയാണ് 'പോടാ ചെറുക്കാ' ആരോപണവുമായി വി ഡി സതീശന്‍ രംഗത്തെത്തിയത്.
രാഹുല്‍ പ്രസംഗിക്കുന്നതിനിടെ മന്ത്രി മൈക്കില്ലാതെ 'പോടാ ചെറുക്കാ' എന്നു പറഞ്ഞുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കാന്‍ ആര്‍ ബിന്ദു യോഗ്യയല്ലെന്നും സതീശന്‍ പറഞ്ഞു. ഇതിന് പിന്നാലെ സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Content Highlights- R Bindu denies that opposition leader acquasiation on Rahul Mangkootatil