
കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍ മക്കളും ജീവനൊടുക്കിയ കേസില്‍ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. നോബിക്ക് ജാമ്യം നല്‍കുന്നതിന് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നോബി പിന്തുടര്‍ന്ന് ഷൈനിയെയും മക്കളെയും മാനസികമായി പീഡിപ്പിച്ചു. മരിക്കുന്നതിന്റെ തലേ ദിവസം നോബി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
നോബി ഷൈനിയെ ഫോണ്‍ വിളിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്. അങ്ങനെ ഒരു ഫോണ്‍ രേഖ പൊലീസിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കും.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
ബിഎസ്സി നഴ്സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. വിവാഹമാേചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പുറമേ നോബിയായി വരുത്തിവെച്ച ചില സാമ്പത്തിക ബാധ്യതകളും ഷൈനിക്കുണ്ടായിരുന്നു. നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കും വീട് പുതുക്കി പണിയുന്നതിനുമായി ഷൈനി കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍ ഇത് തിരിച്ചടയ്ക്കാന്‍ നോബി സഹായിച്ചില്ല. ഇതോടെ മുതലും പലിശയും പെരുകി. നോബിയുടെ മാനസിക, ശാരീരിക പീഡനം സഹിക്കവയ്യാതെയാണ് ഷൈനി മക്കളുമായി സ്വന്തം വീട്ടിലേയ്ക്ക് പോയത്. മരിക്കുന്നതിന് തലേദിവസം ഷൈനിക്ക് നോബിയുടെ ഒരു ഫോണ്‍ കോള്‍ വന്നതായാണ് പൊലീസ് പറയുന്നത്. ഷൈനിയെ മാനസികമായി തളര്‍ത്തിയ ആ ഫോണ്‍ കോള്‍ മരണത്തിലേക്ക് നയിച്ചതായും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
Content Highlights- Bail application of accused on mother and daughters death will consider on 29 this month