
തിരുവനന്തപുരം: സമൂഹത്തിൽ കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുകയാണെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ തുറന്നു പറച്ചിൽ നല്ലതാണെന്നും കെ രാധാകൃഷ്ണൻ എംപി. ഇത്തരം ചർച്ചകൾ സമൂഹത്തില്‍ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിറവും ജാതിയും സമൂഹത്തിൽ ഇപ്പോഴും ചർച്ചയ്ക്ക് വിധേയമാണ്. കറുപ്പ് മോശമാണെന്ന് പറയുന്നത് ഇവിടെ ആധിപത്യം സ്ഥാപിച്ചവരാണ്. അവർ നമ്മളോട് വെളുപ്പാണ് ശരിയെന്ന് പറഞ്ഞു. അതുകൊണ്ടാണ് എല്ലാവരും വെളുക്കാൻ ആഗ്രഹിച്ചതെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
കെ രാധാകൃഷ്ണൻ എംപിയുടെ വാക്കുകൾ
നിറത്തിന്റെ പേരിൽ ലോകത്താകമാനം വിവേചനമുണ്ട്. അതോടൊപ്പമാണ് നിറത്തിന്റെ പേരിലും ആട്ടിയോടിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുന്നത്. ഇന്ത്യയിലാണ് ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനമുള്ളത്. വെളുത്തവരുടെ ആധിപത്യം നമ്മുടെ സമൂഹത്തിൽ അടിച്ചേൽപ്പിച്ചു. അവർ നമ്മളോട് വെളുപ്പാണ് ശരിയെന്ന് പറഞ്ഞു. അതുകൊണ്ടാണ് എല്ലാവരും വെളുക്കാൻ ആഗ്രഹിച്ചത്. കറുപ്പ് മോശമാണെന്ന് ആധിപത്യം സ്ഥാപിച്ചവരാണ് ഇത് ധരിപ്പിച്ചത്. കൊക്ക് കുളിച്ചാൽ കാക്കയാകുമോ എന്ന് പണ്ട് ഞാൻ ചിന്തിച്ചിരുന്നു. കറുപ്പിനെ വിവേചനത്തോടെയാണ് കാണുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവർക്കെതിരെ എന്തും പറയാം എന്ന കാഴ്ചപ്പാടുണ്ട്. വിവേചനം എവിടെയുണ്ടായാലും എതിർക്കപ്പെടേണ്ടതാണ്. എനിക്കെതിരെ ഉണ്ടാകുമ്പോൾ മാത്രം അല്ല വിവേചനമാകുന്നത്. ഇത്തരം ചർച്ചകൾ സമൂഹത്തിന് മാറ്റങ്ങൾ കൊണ്ടുവരും.
ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാൾ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ശാരദാ മുരളീധരന്റെ കുറിപ്പ് ആരംഭിക്കുന്നത്. വേദന തോന്നിയെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും അവർ ചോദിക്കുന്നു. നാലുവയസ്സുള്ളപ്പോൾ അമ്മയോട് തന്നെ ഗർഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന് ചോദിച്ചിട്ടുള്ളതായും അവർ പറയുന്നു. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ തനിക്കു മടിയായിരുന്നുവെന്നും അതു തിരുത്തിയത് തന്റെ മക്കളാണെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.
ശാരദാ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പിന്തുണയുമായി രംഗത്തെത്തി. എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണെന്നും ചർച്ച ചെയ്യേണ്ടതുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
Content Highlights: k radhakrishnan supports Sarada Muraleedharan