
തിരുവനന്തപുരം: വീടിന് മുന്നിൽ പോത്തിനെ കെട്ടിയതിനെ ചൊല്ലി അയൽവാസികൾ തമ്മിൽ തല്ല്. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. പുല്ലമ്പാറ പേരുമല മൂഴിയിൽ സ്വദേശി ഷാജഹാൻ, അയൽവാസി ഷാനിഫ് എന്നിവർ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്. പരിക്കേറ്റതിനെ തുടർന്ന് ഇരുവരും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ഷാജഹാന്‍റെ വീടിന് മുന്നിൽ ഷാനിഫ് പോത്തിനെ കെട്ടിയതായിരുന്നു പ്രശ്നത്തിൻ്റെ തുടക്കം. വീടിന് മുന്നിൽ ഷാനിഫ് പോത്തിനെ കെട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷാജഹാൻ പരാതി നൽകി. ഇത് ചോദിക്കാൻ ഷാനിഫ് എത്തിയതോടെ ഇരുവരും തമ്മിൽ കയ്യാങ്കളിയായി. വിഷയത്തിൽ ഇടപെട്ട ഷാജഹാന്‍റെ ഭാര്യയ്ക്ക് നേരെയും കയ്യേറ്റം നടന്നതായും ആരോപണമുണ്ട്.
ആക്രമണത്തിന് പിന്നിൽ ഷാനിഫ് ആണെന്ന് ഷാജഹാനും, ഷാജഹാൻ ആണ് മർദിച്ചതെന്ന് ഷാനിഫും പരാതി നൽകിയതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. വൈകിയാണ് പരാതി ലഭിച്ചതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights- Buffalo tied in front of house, neighbors fight, both hospitalized