'കേരളം ദക്ഷിണാഫ്രിക്കയല്ല'; നിറം പറയുന്നവൻ പ്രാകൃതനാണെന്ന് ബിനോയ് വിശ്വം

കറുത്തവന്റെ വിയർപ്പാണ് കേരളത്തെ ചോറൂട്ടിയതെന്നും ബിനോയ് വിശ്വം പറഞ്ഞു

dot image

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ വർണ വിവേചന പോസ്റ്റിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കറുപ്പ് കുറ്റമല്ലെന്നും കറുപ്പ് പ്രകാശമാണെന്നും ബിനോയ്‌ വിശ്വം അഭിപ്രായപ്പെട്ടു. നിറം പറഞ്ഞ് സംസാരിക്കുന്ന സംസ്കാരം കേരളത്തിന്റേതല്ല. കേരളം ദക്ഷിണാഫ്രിക്കയല്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.

കറുത്തവന്റെ വിയർപ്പാണ് കേരളത്തെ ചോറൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും പേര് ചീഫ് സെക്രട്ടറി പറഞ്ഞിട്ടില്ല. പേര് ഏതായാലും പദവി ഏതുമായാലും നിറം പറഞ്ഞ് അവഗണിക്കുന്നവർ നൂറ്റാണ്ടിന് പിറകിൽ സ‍ഞ്ചരിക്കുന്ന പ്രാകൃതനാണെന്നും ബിനോയ് വിശ്വം വിമർശിച്ചു. ടി വി തോമസ് അനുസ്മരണ ദിനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തിൽ സംസാരിക്കവേയാണ് ബിനോയ്‌ വിശ്വം നിലപാട് വ്യക്തമാക്കിയത്.

നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി നേതാക്കളാണ് പിന്തുണയുമായി രം​ഗത്തെത്തിയത്. നിറത്തിന്റെ പേരില്‍ അധിക്ഷേപം സമൂഹത്തിലെ രോഗാതുരതയെയാണ് കാണിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സമൂഹത്തിൽ കറുപ്പിനോടുള്ള വിവേചനം ഇപ്പോഴും തുടരുകയാണെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ്റെ തുറന്നു പറച്ചിൽ നല്ലതാണെന്നും കെ രാധാകൃഷ്ണൻ എംപിയും വ്യക്തമാക്കി. ചീഫ് സെക്രട്ടറി എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണെന്നും ചർച്ച ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. ചീഫ് സെക്രട്ടറി ഉന്നയിച്ച ആരോപണം വളരെ ഗൗരവമുള്ളതാണെന്ന് ബിജെപി നേതാവ് എം ടി രമേശും ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്കിലായിരുന്നു താൻ നേരിട്ട വിവേചനത്തെക്കുറിച്ച് ചീഫ് സെക്രട്ടറി തുറന്നെഴുതിയത്. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിൽ ഒരാൾ താരതമ്യപ്പെടുത്തിയെന്നായിരുന്നു ശാരദാ മുരളീധരൻ വ്യക്തമാക്കിയത്. തനിക്ക് അതിൽ വേദന തോന്നിയെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും അവർ ചോദിച്ചു. നാല് വയസുള്ളപ്പോൾ അമ്മയോട് തന്നെ ഗർഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന് ചോദിച്ചിട്ടുള്ളതായും അവർ പറഞ്ഞു. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ തനിക്ക് മടിയായിരുന്നു. അത് തിരുത്തിയത് തന്റെ മക്കളാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.

content highlights : 'Kerala is not South Africa'; Binoy Vishwam says anyone who says 'colour' is a primitive

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us