
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരോട് വളരെ അനുഭാവത്തോടെയാണ് സംസാരിച്ചതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. പ്രിയപ്പെട്ട ആശ സഹോദരിമാരോട് ബിജെപിയുടെ ചട്ടുകമാകരുതെന്ന അഭ്യര്‍ത്ഥനയാണ് താന്‍ മുന്നോട്ട് വെച്ചതെന്ന് ബിന്ദു പറഞ്ഞു. തന്റെ സംസാരം മുഴുവന്‍ കാണിക്കാതെ അതിലൊരു ഭാഗം അടര്‍ത്തിയെടുത്ത് മാധ്യമസുഹൃത്തുക്കള്‍ അവരുടെ നിര്‍ദ്ദിഷ്ട അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആര്‍ ബിന്ദു റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'ഞാനൊരാളാണോ അവരുടെ ആ പ്രവര്‍ത്തിയെ വിമര്‍ശിച്ചത്. ഞാന്‍ പറഞ്ഞതിലെന്താണ് തെറ്റ്. കേന്ദ്ര മന്ത്രി അവരുടെ പന്തല്‍ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കേണ്ടത് എന്ന വിനീതമായ അഭിപ്രായമാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. പകരം അവര്‍ പാട്ടുപാടുന്നതാണ് കണ്ടത്. അതായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. ആവശ്യങ്ങള്‍ തന്റേടത്തോടെ ചോദിക്കണമായിരുന്നു. ബിഎംഎസ് ആണ് ഇപ്പോള്‍ സമരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്', മന്ത്രി പറഞ്ഞു.
കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണമെന്നായിരുന്നു മന്ത്രി നേരത്തെ നടത്തിയ പ്രതികരണം. കേന്ദ്രമന്ത്രി വന്നപ്പോള്‍ മണിമുറ്റത്താവണി പന്തല്‍ പാട്ട് പാടിയന്നും ബിന്ദു പറഞ്ഞിരുന്നു. അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ ഒന്നുമില്ല. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. ആശമാരുടെ പ്രാഥമിക ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശത്തില്‍ ആശമാരും രംഗത്തെത്തിയിരുന്നു. മന്ത്രി സമരപ്പന്തലിലെത്തിയാല്‍ മന്ത്രിക്കും പാട്ട് പാടിത്തരാമെന്നായിരുന്നു ആശമാര്‍ പ്രതികരിച്ചത്.
Content Highlights: R Bindu says she made a request that Asha should not become a pawn of BJP