
ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റിലെ ജാതി വിവേചനം നേരിട്ടുവെന്ന് പരാതി നൽകിയ ആൾക്കെതിരെ പ്രതികാര നടപടി. പരാതിക്കാരൻ രഞ്ജിത്തിനെ ചൗക്കീദാർ തസ്തികയിൽ നിന്ന് ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് മാറ്റി നിയമിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പുറത്ത്.
ഓഫീസ് അറ്റൻഡന്റ് ആയി നാളെ ചുമതല ഏൽക്കാനാണ് ഉത്തരവിലെ നിർദ്ദേശം. ജാതി വിവേചനം കാണിച്ചെന്ന രഞ്ജിത്തിന്റെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ആലപ്പുഴ കളക്ടറേറ്റില്‍ അയിത്താചാരമെന്നായിരുന്നു രഞ്ജിത്തിൻ്റെ പരാതി. കണ്‍ട്രോള്‍ റൂമിലെ ചൗക്കിദാര്‍മാരോട് ജാതി വിവേചനം കാണിച്ചെന്നാണ് പരാതിയിൽ പരാതി. ഹുസൂര്‍ ശിരസ്തദാര്‍ പ്രീത പ്രതാപനെതിരെ ആയിരുന്നു പരാതി. പ്രത്യേക ഹാജര്‍ ബുക്ക് ഏര്‍പ്പെടുത്തി അപമാനിച്ചെന്നായിരുന്നു ജീവനക്കാരുടെ പരാതി. സ്ഥിരം ജീവനക്കാര്‍ ഒപ്പിടുന്ന ഹാജര്‍ ബുക്കില്‍ നിന്ന് വിലക്കിയെന്നും താത്ക്കാലിക ജീവനക്കാര്‍ക്കൊപ്പം ഒപ്പിടാന്‍ നിര്‍ദ്ദേശിച്ചെന്നും പരാതിക്കാര്‍ പറയുന്നു.
ചോദ്യം ചെയ്തപ്പോള്‍ പ്രത്യേക ഹാജര്‍ ബുക്ക് നല്‍കി അപമാനിച്ചെന്നും ജീവനക്കാര്‍ പറയുന്നു. പട്ടികജാതിക്കാരായ രണ്ട് പേരെ മാത്രം ഉള്‍പ്പെടുത്തി രജിസ്റ്റര്‍ തയ്യാറാക്കി. എഡിഎമ്മിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കാര്യമാക്കണ്ടയെന്ന് പറഞ്ഞെന്നും കളക്ടറും നടപടിയെടുത്തില്ലെന്നും ജീവനക്കാരിലൊരാളുടെ ഭാര്യ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചിരുന്നു.
Content Highlights- Caste discrimination in Alappuzha Collectorate; Retaliatory action, complainant's post changed