മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 74 ഹെക്ടര്‍ ഭൂമിക്ക് 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം

dot image

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് കനത്ത തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ രജിസ്ട്രിക്ക് ജസ്റ്റിസ് ടിആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 74 ഹെക്ടര്‍ ഭൂമിക്ക് 549 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം. ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കണം. സര്‍ക്കാര്‍ തീരുമാനിച്ച 26 കോടി രൂപ മതിയായതല്ലെന്നുമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉയര്‍ത്തുന്ന വാദം.

ഭൂമിയുടെ വിപണി വിലയ്ക്ക് ആനുപാതികമല്ല നഷ്ടപരിഹാരത്തുക. 64 ഹെക്ടര്‍ ഭൂമിക്ക് 20 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കണക്കാക്കിയത്. ഇത് വിപണി വിലയുടെ 5 ശതമാനം തുക മാത്രമാണ്. ഭൂമി ഏറ്റെടുക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് നഷ്ടപരിഹാരത്തുക എന്നുമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജിയിലെ വാദം. പുനരധിവാസ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുപ്പുമായി മുന്നോട്ടുപോകാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഇതിന് പിന്നാലെയാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉയര്‍ന്ന തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights: Mundakkai Chooral Mala Landslide High Court refuses to consider Elston Estate's petition

dot image
To advertise here,contact us
dot image