
തൃശ്ശൂർ: സിപിഐഎം നേതാവ് പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം ഔദാര്യമാണെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ വാദം പൊളിയുന്നു. കേസ് അവസാനിപ്പിച്ചത് മാധ്യമങ്ങൾക്ക് മുന്നിൽ ഖേദം പ്രകടിപ്പിക്കാമെന്ന ഉറപ്പിൻമേൽ എന്ന് ഒത്ത് തീർപ്പ് രേഖയിൽ വ്യക്തമാകുന്നു. കേസിൻ്റെ ഒത്തുതീർപ്പ് രേഖ റിപ്പോർട്ടറിന് ലഭിച്ചു.
ഖേദ പ്രകടനം തന്റെ ഔദാര്യമെന്നും ശ്രീമതിയുടെ മനോവിഷമം കണ്ടാണ്, അല്ലാതെ കോടതി പറഞ്ഞിട്ടല്ല ഖേദ പ്രകടനം നടത്തിയതെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. കോടതിയില്‍ ടീച്ചര്‍ വിഷമിച്ച് കരഞ്ഞപ്പോള്‍ രാഷ്ടീയ അന്തസിന് ഖേദം പറയാമെന്ന് കരുതിയതാണെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
'ഒത്തുതീര്‍പ്പ് സമയത്ത് ശ്രീമതി ടീച്ചര്‍, കണ്ണൂര്‍ ജില്ലയിലെ ടീച്ചറുടെ ബന്ധുക്കള്‍ ടീച്ചറെ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോള്‍ ഒരു സത്രീയുടെ കണ്ണുനീരിന് എന്റെ രാഷ്ട്രീയത്തേക്കാള്‍ വില ഉണ്ടെന്ന് വിശ്വസിക്കുന്ന ഞാന്‍ രാഷട്രീയത്തിന്റെ അന്തസ്സിന് ഖേദം പറയാം എന്ന് പറഞ്ഞു. ഇതാണ് ഈ ഖേദം. കേസ് തീര്‍ന്നപ്പോള്‍ ടീച്ചര്‍ ഖേദം പത്രക്കാരോട് പറയണമെന്ന് എന്നോട് അഭ്യര്‍ത്ഥിച്ചു. കേരള രാഷ്ടീയത്തില്‍ എന്നും ഓര്‍ക്കുന്ന ഒരു മാതൃകയാകട്ടെ എന്റെ ഖേദം എന്ന് ഞാന്‍ ചിന്തിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. ആരും പറയിപ്പിച്ചതല്ല. ആവശ്യപ്പെട്ടതുമല്ല. പറയേണ്ട കാര്യവും എനിക്കില്ല. കേസ് നടത്തിയിട്ടുമില്ല. നടത്തിയാല്‍ എനിക്കെതിരെ ഒന്നും ചെയ്യാനും പറ്റില്ല', എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഫേസ് ബുക്കിലായിരുന്നു അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.
Content Highlights :B Gopalakrishnan's argument falls apart in his apology to PK Sreemathy