'ശ്രീമതി ടീച്ചർ അഭ്യർത്ഥിച്ചു, പൊതുപ്രവർത്തകൻ എന്ന നിലയിലുള്ള ഔദാര്യമാണ് എന്റെ ഖേദം'; ബി ഗോപാലകൃഷ്ണൻ

കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയതെന്ന് ബി ഗോപാലകൃഷ്ണന്‍

dot image

തൃശൂര്‍: സിപിഐഎം നേതാവ് പി കെ ശ്രീമതിയോട് പരസ്യമായി ഖേദം അറിയിച്ചത് ഔദാര്യമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കോടതിയില്‍ ടീച്ചര്‍ വിഷമിച്ച് കരഞ്ഞപ്പോള്‍ രാഷ്ടീയ അന്തസിന് ഖേദം പറയാമെന്ന് കരുതിയതാണെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അന്തരിച്ച മുന്‍ എംഎല്‍എ പി ടി തോമസ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യമാണ് താന്‍ ആവര്‍ത്തിച്ചതെന്നും അതുകൊണ്ട് തന്നെ കേസ് നിലനില്‍ക്കില്ലെന്നും ശ്രീമതിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇത് മനസ്സിലാക്കിയ വക്കീല്‍ ടീച്ചറെ ഉപദേശിച്ചെന്നും കണ്ണൂര്‍ കോടതിയില്‍ ഒത്തുതീര്‍പ്പ് വെച്ചെന്നും അദ്ദേഹം പറഞ്ഞു.

'ഒത്തുതീര്‍പ്പ് സമയത്ത് ശ്രീമതി ടീച്ചര്‍, കണ്ണൂര്‍ ജില്ലയിലെ ടീച്ചറുടെ ബന്ധുക്കള്‍ ടീച്ചറെ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോള്‍ ഒരു സത്രീയുടെ കണ്ണുനീരിന് എന്റെ രാഷ്ട്രീയത്തേക്കാള്‍ വില ഉണ്ടെന്ന് വിശ്വസിക്കുന്ന ഞാന്‍ രാഷട്രീയത്തിന്റെ അന്തസ്സിന് ഖേദം പറയാം എന്ന് പറഞ്ഞു. ഇതാണ് ഈ ഖേദം. കേസ് തീര്‍ന്നപ്പോള്‍ ടീച്ചര്‍ ഖേദം പത്രക്കാരോട് പറയണമെന്ന് എന്നോട് അഭ്യര്‍ത്ഥിച്ചു. കേരള രാഷ്ടീയത്തില്‍ എന്നും ഓര്‍ക്കുന്ന ഒരു മാതൃകയാകട്ടെ എന്റെ ഖേദം എന്ന് ഞാന്‍ ചിന്തിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. ആരും പറയിപ്പിച്ചതല്ല. ആവശ്യപ്പെട്ടതുമല്ല. പറയേണ്ട കാര്യവും എനിക്കില്ല. കേസ് നടത്തിയിട്ടുമില്ല. നടത്തിയാല്‍ എനിക്കെതിരെ ഒന്നും ചെയ്യാനും പറ്റില്ല', ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഇതൊന്നും അറിയാത്തവര്‍ അണികള്‍ വിവരക്കേട് പറയുന്നുവെന്നും പി കെ ശ്രീമതി തന്നോട് നന്ദിയും നല്ലത് വരും എന്ന് പറഞ്ഞാണ് പിരിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണ്ട് പി എസ് ശ്രീധരന്‍പിള്ളയോട് മാപ്പ് പറഞ്ഞ ദേശാഭിമാനിയും ഇപ്പോള്‍ താന്‍ ഫയല്‍ ചെയ്ത മാനഹാനി കേസില്‍ തൃശ്ശൂര്‍ സിജെഎം കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് എം വി ഗോവിന്ദനും നടക്കുന്നുണ്ടെന്ന കാര്യം ഈ കൂട്ടര്‍ മറക്കണ്ടെന്നും പറഞ്ഞാണ് ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് യാതൊരു താല്‍പര്യവും ഇല്ലായിരുന്നു. പക്ഷെ എന്താണ് സംഭവം എന്ന് എല്ലാവരും അറിയണമല്ലോ.. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഔദാര്യമാണ് എന്റെ ഖേദം. ഇത് മാതൃകയാകട്ടെ എന്ന് കരുതി രേഖപ്പെടുത്തിയതാണ്. കോടതി പറഞ്ഞിട്ടോ, കേസ് നടത്തിയിട്ടോ അല്ല, ഒരു സ്ത്രീയുടെ അന്തസ്സിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചര്‍ പറഞ്ഞപ്പോള്‍ അന്തസ്സായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഞാന്‍ കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയത്.

ശ്രീമതി ടീച്ചറുടെ മകന്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടര്‍ ആണന്നും ശ്രീമതി ടീച്ചര്‍ ആരോഗ്യ മന്ത്രിയായ കാലത്ത് അനഭിമത ഇടപാട് നടത്തിയെന്നുമുള്ള അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ ആരോപണം ഞാന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതായിരുന്നു എനിക്കെതിരെയുള്ള ആരോപണം.

എനിക്കെതിരെ കേസ് കൊടുത്ത ടീച്ചറോട് ടീച്ചറുടെ വക്കീല്‍ പറഞ്ഞു കേസ് നില്‍ക്കില്ല, കാരണം പി ടി തോമസ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യം ആവര്‍ത്തിച്ചതാണ്. ഇത് മനസ്സിലാക്കിയ വക്കീല്‍ ടീച്ചറെ ഉപദേശിച്ചു, ഒത്തുതീര്‍പ്പ് വെച്ച് തീര്‍ക്കുക. കണ്ണൂര്‍ കോടതിയില്‍ ഒത്തുതീര്‍പ്പ് വെച്ചു. ഒത്തുതീര്‍പ്പ് സമയത്ത് ശ്രീമതി ടീച്ചര്‍, കണ്ണൂര്‍ ജില്ലയിലെ ടീച്ചറുടെ ബന്ധുക്കള്‍ ടീച്ചറെ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോള്‍ ഒരു സത്രീയുടെ കണ്ണുനീരിന് എന്റെ രാഷ്ട്രീയത്തേക്കാള്‍ വില ഉണ്ടെന്ന് വിശ്വസിക്കുന്ന ഞാന്‍ രാഷട്രീയത്തിന്റെ അന്തസ്സിന് ഖേദം പറയാം എന്ന് പറഞ്ഞു.

ഇതാണ് ഈ ഖേദം. കേസ് തീര്‍ന്നപ്പോള്‍ ടീച്ചര്‍ ഖേദം പത്രക്കാരോട് പറയണമെന്ന് എന്നോട് അഭ്യര്‍ത്ഥിച്ചു. ടീച്ചര്‍ വിളിച്ച് പറഞ്ഞ് വരുത്തിയ പത്രക്കാരോട് ഇതൊന്നും പറയാതെ എനിക്ക് പോകാമായിരുന്നു. കാണാതിരിക്കാമായിരുന്നു. മറ്റൊരു ദിവസത്തേക്ക് വരാം എന്ന് പറയാമായിരുന്നു. കേരള രാഷ്ടീയത്തില്‍ എന്നും ഓര്‍ക്കുന്ന ഒരു മാതൃകയാകട്ടെ എന്റെ ഖേദം എന്ന് ഞാന്‍ ചിന്തിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. ആരും പറയിപ്പിച്ചതല്ല. ആവശ്യപ്പെട്ടതുമല്ല. പറയേണ്ട കാര്യവും എനിക്കില്ല. കേസ് നടത്തിയിട്ടുമില്ല. നടത്തിയാല്‍ എനിക്കെതിരെ ഒന്നും ചെയ്യാനും പറ്റില്ല.

പക്ഷെ എന്റെ അന്തസ്സായ രാഷ്ട്രീയ തീരുമാനമായി ഞാന്‍ ഖേദം രേഖപ്പെടുത്തി. ഇതൊന്നും അറിയാത്ത അന്തം കമ്മികള്‍ വെറുതെ പൊലിപ്പിച്ചിട്ടിട്ട് വിവരക്കേട് പറയുന്നു. ശ്രീമതി ടീച്ചര്‍ എന്നോട് നന്ദിയും നല്ലത് വരും എന്ന് പറഞ്ഞാണ് പിരിഞ്ഞത്. അത് എന്തുകൊണ്ട് എന്ന് അന്തം കമ്മികളെ അറിയുക.

മറ്റൊരു പ്രധാന കാര്യം ടീച്ചറോട് ഞാന്‍ ഡിവൈഎഫ്‌ഐ നേതാവ് അരുണ്‍ കുമാര്‍ സാക്ഷി നിര്‍ത്തി പറഞ്ഞു, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടര്‍മാര്‍ കണ്ണൂരിലെ പ്രസിദ്ധ സിപിഐഎം നേതാക്കളായ അന്തരിച്ച ചിലരുടെ മക്കളാണന്ന രേഖകള്‍ മനോരമ പത്രത്തില്‍ വന്നിട്ടുണ്ടായാരുന്നു. ഈ കാര്യം പറയരുതെന്ന ടീച്ചറുടെ അഭിപ്രായം ഞാന്‍ അംഗീകരിച്ചത് രാഷ്ട്രീയ അന്തസ്സിന് വേണ്ടിയാണ്.

സിപിഐഎം നേതാക്കളുടെ മക്കളുടെ പേര് ഉണ്ടായിരുന്നങ്കിലും ടീച്ചറുടെ മകന്റെ പേര് കണ്ടെത്തിയില്ലാത്ത സാഹചര്യത്തിലാണ് എന്റെ സ്വന്തം തീരുമാനപ്രകാരം ഖേദം രേഖപ്പെടുത്തിയത്. അത് ദുര്‍വ്യഖ്യാനം ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളൂ, അന്തസ്സുള്ളവര്‍ക്ക് മനസ്സിലാകും. അല്ലാത്തവര്‍ കുരക്കും. ഞാന്‍ അന്തസ്സിന് നിരക്കാത്തതായി ഒന്നും ചെയ്യില്ല. എന്റെ നിശ്ചയത്തില്‍ നിന്ന് പിന്നോട്ടില്ല. പണ്ട് പി എസ് ശ്രീധരന്‍പിള്ളയോട് മാപ്പ് പറഞ്ഞ ദേശാഭിമാനിയും ഇപ്പോള്‍ ഞാന്‍ ഫയല്‍ ചെയ്ത മാനഹാനി കേസില്‍ തൃശ്ശൂര്‍ സിജെഎം കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് ഗോവിന്ദനും നടക്കുന്നുണ്ടെന്ന കാര്യം ഈ കൂട്ടര്‍ മറക്കണ്ട…

Content Highlights: BJP Leader B Gopalakrishnan about Expression of regret towards P K Sreemathy

dot image
To advertise here,contact us
dot image