'ഒരു സിനിമയും പാര്‍ട്ടിയെ ബാധിക്കില്ല'; സിനിമ, സിനിമയുടെ വഴിക്ക് പോകുമെന്ന് ബിജെപി

സിനിമ തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും പി സുധീര്‍

dot image

തിരുവനന്തപുരം: ഒരു സിനിമയും പാര്‍ട്ടിയെ ബാധിക്കില്ലെന്നും സിനിമ, സിനിമയുടെ വഴിക്ക് പോകുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീര്‍. മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സുധീര്‍ പറഞ്ഞു. സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സെക്രട്ടറി അഡ്വ. എസ് സുരേഷിനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് പി സുധീര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സിനിമയ്‌ക്കെതിരെ ബിജെപി ക്യാംപെയ്ന്‍ തുടങ്ങിയില്ലെന്നും പി സുധീര്‍ പറഞ്ഞു. സിനിമ, സിനിമയുടെ വഴിക്കും പാര്‍ട്ടി, പാര്‍ട്ടിയുടെ വഴിക്കും പോകും. സിനിമ എന്താണെന്ന് അത് കാണുന്ന ആസ്വാദകരാണ് വിലയിരുത്തേണ്ടത്. സിനിമ തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും സുധീര്‍ വ്യക്തമാക്കി.

സിനിമ ആസ്വാദകര്‍ എന്ന നിലയില്‍ ഓരോ വ്യക്തികളും അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയും. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും സുധീര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വരുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും സുധീര്‍ വ്യക്തമാക്കി.

ഇന്നലെയായിരുന്നു മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് ആധാരമായത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് പ്രതികരണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്.

Content Highlights- Bjp leader p sudheer about movie empuran and cyber attack

dot image
To advertise here,contact us
dot image