
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലന്‍സ് കോടതി പരാമര്‍ശവും ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതി പരാമര്‍ശം അനാവശ്യമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.
പൊതുപ്രവര്‍ത്തകനായിരുന്ന കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവും കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടനുമാണ് സിഎംആര്‍എല്‍ -എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍ നല്‍കിയത്.
വിധി നിരാശപ്പെടുത്തിയില്ലെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും മാത്യൂ കുഴല്‍നാടന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരായ നിയമപോരാട്ടമാണ്. അനായാസമല്ലെന്ന ബോധ്യം ഉണ്ടായിരുന്നു. നിയമ യുദ്ധം തുടരും. സംസ്ഥാനത്തെ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ്. പച്ചയായ അഴിമതി നടന്നുവെന്നതില്‍ തനിക്ക് സംശയമില്ല.
തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നുമായിരുന്നു മാത്യൂ കുഴല്‍നാടന്റെ പ്രതികരണം.
ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരിൽ കോടതി നടപടികളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്ന് കരുതി അവർ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂർണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവർത്തകരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും. യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാൻ ആവില്ലെന്നും മാത്യൂ കുഴല്‍നാടൻ പറഞ്ഞു.
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ജി ഗിരീഷ് ബാബുവിന്റെ റിവിഷന്‍ ഹര്‍ജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ആരോപണം തെളിയിക്കുന്നതിനുള്ള പ്രാഥമിക തെളിവുകള്‍ ഹര്‍ജിയില്‍ ഇല്ലെന്ന് നിരീക്ഷിച്ചായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നടപടി.
സമാന ആവശ്യം ഉന്നയിച്ച് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും റിവിഷന്‍ ഹര്‍ജികളുമായി ഹൈക്കോടതിയെ സമീപിച്ചത്. ഗിരീഷ് ബാബു മരിച്ച സാഹചര്യത്തില്‍ കേസുമായി മുന്നോട്ട് പോകാനില്ലെന്നായിരുന്നു കുടുംബം ഹൈക്കോടതിയെ അറിയിച്ചത്.
എന്നാല്‍ പരാതിക്കാരന്‍ മരിച്ചാലും ഹര്‍ജി നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്. തുടര്‍ന്ന് അമികസ് ക്യൂറിയെ നിയോഗിച്ചാണ് ഹൈക്കോടതി കേസില്‍ വാദം പൂര്‍ത്തിയാക്കിയത്. എക്സാലോജിക് കമ്പനിയുടമ വീണ ടി, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന്‍ ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. സിഎംആര്‍എലുമായുള്ള സാമ്പത്തിക ഇടപാട് അഴിമതിയുടെ പരിധിയില്‍ വരും. ഇതിന്മേല്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു റിവിഷന്‍ ഹര്‍ജികളിലെ ആവശ്യം.
Content Highlights: CMRL Exalogic deal High Court dismisses petitions seeking vigilance inquiry