
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെള്ളപൂശി എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു എന്നാരോപിച്ച് ഇ ഡി ആസ്ഥാനത്തേക്ക് സിപിഐഎം പ്രതിഷേധ മാര്‍ച്ച്. രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഇ ഡി ആസ്ഥാനത്തേക്കാണ് മാര്‍ച്ച്. കൊടകര കുഴല്‍പ്പണക്കേസിലെ ബിജെപി ബന്ധം വ്യക്തമായി വെളിപ്പെടുത്തുന്ന പൊലീസ് റിപ്പോര്‍ട്ടിനെ അട്ടിമറിച്ചാണ് ബിജെപിയെ സംരക്ഷിച്ചുകൊണ്ട് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.
കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ 23 പ്രതികള്‍ ആണുള്ളത്. ആലപ്പുഴയിലുള്ള വസ്തു വാങ്ങുന്നതിന് ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ ധര്‍മ്മരാജ് കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍വെച്ച് കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മ്മരാജ് ഹാജരാക്കിയിരുന്നുവെന്നും ഇ ഡി കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.
കൊണ്ടുവന്നത് ബിജെപിയുടെ പണമല്ലാത്തതിനാല്‍ ഇനി തുടരന്വേഷണം വേണ്ടെന്നുമാണ് ഇ ഡിയുടെ വാദം. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ മൂന്ന് ലക്ഷം രൂപയും എട്ട് ലക്ഷം രൂപയുടെ വസ്തുവും കണ്ടുകെട്ടിയതായും ഇ ഡി പറയുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണ്ണാടകത്തില്‍ നിന്ന് കൊണ്ടുവന്ന കള്ളപ്പണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇവ ചൂണ്ടിക്കാട്ടിയാണ് ഇന്ന് സിപിഐഎം മാര്‍ച്ച് നടത്തുന്നത്.
Content Highlights: CPIM march to E D office in Kodakara case