മാസപ്പടി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ല; മാത്യൂ കുഴല്‍നാടന്റെ വാദങ്ങള്‍ തള്ളി ഹൈക്കോടതി

സംശയത്തിന്റെ പുറത്ത് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്താനാവില്ലെന്നും ഇത് പൊതുപ്രവര്‍ത്തകരെ കളങ്കപ്പെടുത്തുന്നതിന് കാരണമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി

dot image

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്സാലോജിക് കരാറിൽ അഴിമതിയുണ്ടെന്ന മാത്യൂ കുഴല്‍നാടൻ എംഎൽഎയുടെ വാദങ്ങള്‍ തള്ളി ഹൈക്കോടതി. മാസപ്പടി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വിശ്വാസ്യതയില്ലാത്ത രേഖകളുടെ അഭാവത്തില്‍ മാസപ്പടി രേഖകള്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി നീരിക്ഷിച്ചു.

മാത്യൂ കുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ കേസെടുക്കാന്‍ മതിയായതല്ല. സംശയം തോന്നിക്കുന്ന രേഖകള്‍ മാത്രമാണ് മാത്യൂ കുഴല്‍നാടന്‍ നല്‍കിയത്. സംശയത്തിന്റെ പുറത്ത് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്താനാവില്ലെന്നും ഇത് പൊതുപ്രവര്‍ത്തകരെ കളങ്കപ്പെടുത്തുന്നതിന് കാരണമാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേത് വിചാരണയെന്ന വാദവും ഹൈക്കോടതി തള്ളി. വസ്തുതകള്‍ വിചാരണക്കോടതി പരിഗണിച്ചില്ലെന്ന വാദവും സിംഗിള്‍ ബെഞ്ച് അംഗീകരിച്ചില്ല.

മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഗിരീഷ് ബാബു മരിച്ച സാഹചര്യത്തില്‍ കേസുമായി മുന്നോട്ട് പോകാനില്ലെന്നായിരുന്നു കുടുംബം ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ പരാതിക്കാരന്‍ മരിച്ചാലും ഹര്‍ജി നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി സ്വീകരിച്ച നിലപാട്. തുടര്‍ന്ന് അമികസ് ക്യൂറിയെ നിയോഗിച്ചാണ് ഹൈക്കോടതി കേസില്‍ വാദം പൂര്‍ത്തിയാക്കിയത്.

എക്‌സാലോജിക് കമ്പനിയുടമ വീണ വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന്‍ ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. സിഎംആര്‍എലുമായുള്ള സാമ്പത്തിക ഇടപാട് അഴിമതിയുടെ പരിധിയില്‍ വരും. ഇതിന്മേല്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു റിവിഷന്‍ ഹര്‍ജികളിലെ ആവശ്യം.

Content highlights : High Court rejects Mathew Kuzhalnadan's arguments

dot image
To advertise here,contact us
dot image