'ഒന്ന് പൊളിയുമ്പോൾ പ്രതിപക്ഷം അടുത്ത ആരോപണവുമായി വരുന്നു, കോടതിയിൽ ഒന്നിനും നിലനിൽപ്പില്ല'; എം ബി രാജേഷ്

പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം മാധ്യമങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്നും എം ബി രാജേഷ്

dot image

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയതിൽ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. സിഎംആര്‍എല്‍-എക്‌സാലോജിക് കരാറിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം മാധ്യമങ്ങളില്‍ നിലനില്‍ക്കാന്‍ മാത്രമുള്ളതാണെന്ന് മന്ത്രി പറഞ്ഞു. കോടതിയില്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമായല്ലോയെന്നും അദ്ദേഹം ചോദിച്ചു.

'എല്ലാ മാധ്യമങ്ങളിലും കാണിക്കുന്നത് ആശ്വാസം എന്നാണ്. പ്രതിപക്ഷം പൊളിഞ്ഞുവെന്നല്ലേ കാണിക്കേണ്ടത്. പ്രതിപക്ഷത്തിന്റെ പരാജയമെന്നല്ലേ എഴുതിക്കാണിക്കേണ്ടത്. ഇതിലെന്ത് ആശ്വാസമിരിക്കുന്നു. പരാജയപ്പെട്ട പ്രതിപക്ഷത്തെ ആശ്വസിപ്പിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത്', എം ബി രാജേഷ് പറഞ്ഞു.

പ്രതിപക്ഷം തുടര്‍ച്ചയായി അപവാദം ഉന്നയിക്കുന്നുവെന്നും അവയെല്ലാം പൊട്ടിത്തകര്‍ന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷമുയര്‍ത്തിയ ഒരു ആരോപണത്തിന് പോലും ആയുസ്സ് ഇല്ല. ഒരു തെളിവും ഇല്ലാതെ പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിക്കുന്നു. ഒരു ആരോപണം പൊളിഞ്ഞാല്‍ ഉടന്‍ അടുത്ത ആരോപണവുമായി വരുന്നുവെന്നും എം ബി രാജേഷ് പറഞ്ഞു.

മാധ്യമങ്ങളില്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെന്നും കോടതിയില്‍ ഒന്നിനും നിലനില്‍പ്പില്ല എന്ന് ഇപ്പോള്‍ വ്യക്തമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'ആരോപണങ്ങളെല്ലാം മാധ്യമങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. കോടതിയില്‍ നിലനില്‍പ്പില്ലാത്ത, ചവറ്റുകൊട്ടയില്‍ മാത്രം സ്ഥാനം കിട്ടാനുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം അപവാദപ്രചരണത്തില്‍ സ്ഥിരോത്സാഹികളാണ്. അത് അവര്‍ ഇനിയും തുടരും', മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Content Highlights: M B Rajesh reaction about High Court verdict on CMRL-Exalogic

dot image
To advertise here,contact us
dot image