'ദുരാരോപണങ്ങളുടെ മുനയൊടിക്കുന്ന വിധി'; മാത്യു കുഴൽനാടൻ മാപ്പ് പറയാൻ തയ്യാറാകണമെന്ന് മന്ത്രി വി ശിവൻകുട്ടി

ഏതൊരു ഹര്‍ജി നല്‍കുന്നതും തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം എന്ന കാര്യം അഭിഭാഷകനായ മാത്യു കുഴല്‍നാടന് അറിയാതിരിക്കില്ലെന്ന് മന്ത്രി

dot image

തിരുവനന്തപുരം: എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി തള്ളിയത് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ദുരാരോപണങ്ങളുടെ മുനയൊടിക്കുന്നതാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

ഏതൊരു ഹര്‍ജി നല്‍കുന്നതും തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം എന്ന കാര്യം അഭിഭാഷകനായ മാത്യു കുഴല്‍നാടന് അറിയാതിരിക്കില്ലെന്ന് മന്ത്രി പറഞ്ഞു. എന്നിട്ടും വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഹര്‍ജി നല്‍കാന്‍ മാത്യു കുഴല്‍നാടന്‍ തയ്യാറാകുകയായിരുന്നു. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

പൊതുപ്രവര്‍ത്തകന്‍ കൂടിയായ മാത്യു കുഴല്‍നാടന്‍ എംഎല്‍എ അല്‍പമെങ്കിലും ധാര്‍മികത കാണിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും അത് നിരന്തരം വാര്‍ത്ത ആക്കാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ഹീനമായ കാര്യമാണ്. ഇത്തരം വ്യാജ ആരോപണങ്ങള്‍ സ്വന്തം കുടുംബത്തിനെതിരെ ഉയര്‍ന്നുവന്നാല്‍ മാത്യു കുഴല്‍നാടന്റെ നിലപാട് എന്താകുമെന്നും മന്ത്രി ചോദിച്ചു.

ആര്‍ക്കെതിരെ എന്ത് ആരോപണങ്ങളും ഉന്നയിക്കാം എന്ന നിലപാടിനേറ്റ തിരിച്ചടി കൂടിയാണ് ഹൈക്കോടതിവിധിയെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി വിധി എതിരായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയാന്‍ മാത്യു കുഴല്‍നാടന്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരായ ദുരാരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്. ഏതൊരു ഹർജി നൽകുന്നതും തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം എന്ന കാര്യം അഭിഭാഷകനായ മാത്യു കുഴൽനാടന് അറിയാതിരിക്കില്ല. എന്നിട്ടും വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഹർജി നൽകാൻ മാത്യു കുഴൽനാടൻ തയ്യാറാകുകയായിരുന്നു. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് വ്യക്തം.

പൊതുപ്രവർത്തകൻ കൂടിയായ മാത്യു കുഴൽനാടൻ എംഎൽഎ അല്പമെങ്കിലും ധാർമികത കാണിക്കേണ്ടതായിരുന്നു. സ്ത്രീകൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും അത് നിരന്തരം വാർത്ത ആക്കാനുള്ള സാധ്യത ഉണ്ടാക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ഹീനമായ കാര്യമാണ്. ഇത്തരം വ്യാജ ആരോപണങ്ങൾ സ്വന്തം കുടുംബത്തിനെതിരെ ഉയർന്നുവന്നാൽ മാത്യു കുഴൽനാടന്റെ നിലപാട് എന്താകും?

ആർക്കെതിരെ എന്ത് ആരോപണങ്ങളും ഉന്നയിക്കാം എന്ന നിലപാടിനേറ്റ തിരിച്ചടി കൂടിയാണ് ഹൈക്കോടതിവിധി. ഹൈക്കോടതി വിധി എതിരായ സാഹചര്യത്തിൽ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയാൻ മാത്യു കുഴൽനാടൻ തയ്യാറാകണം. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പി കെ ശ്രീമതി ടീച്ചറോട് മാപ്പ് പറഞ്ഞത്‌ ഇക്കാര്യത്തിൽ മാത്യു കുഴൽനാടനും മാതൃകയാക്കാവുന്നതാണ്.

Content Highlights- Minister v sivankutty against mathew kuzhalnadan on hc verdict

dot image
To advertise here,contact us
dot image