
മലപ്പുറം: വളാഞ്ചേരിയിലെ ലഹരി വ്യാപനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. സിറിഞ്ചുകള്‍ ഉപയോഗിച്ച് നേരിട്ട് ശരീരത്തില്‍ കുത്തിവെക്കുന്ന ബ്രൗണ്‍ഷുഗറിന്റെ വകഭേദമായ ടോമയെന്ന ലഹരിമരുന്നാണ് വളാഞ്ചേരിയില്‍ വ്യാപകമായി വില്‍ക്കുന്നത്. വളാഞ്ചേരി നഗരമധ്യത്തിലടക്കം നിരവധി ഹോട്‌സ്‌പോട്ടുകളിലാണ് ലഹരിയുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നതെന്നും റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
വളാഞ്ചേരിയില്‍ എച്ച്‌ഐവി ബാധിതര്‍ ഉപയോഗിച്ച ലഹരി ബ്രൗണ്‍ ഷുഗര്‍ ആണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ടോമയെന്ന രാസലഹരിയാണ് ഇവര്‍ ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടര്‍ കണ്ടെത്തി. ഹെറോയിന്റെ സാന്നിധ്യമുള്ള ടോമയ്ക്ക് മില്ലിഗ്രാമിന് പോലും ആയിരത്തിലധികമാണ് വില. നഗരമധ്യത്തില്‍ തന്നെ കാടുമൂടിയ പ്രദേശങ്ങള്‍ ലഹരി ഉപയോഗത്തിനായി സംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഒരാള്‍ ഉപയോഗിച്ച സിറിഞ്ച് തന്നെ പലരും ഉപയോഗിക്കുന്നതിലൂടെയാണ് ലഹരി ഉപയോഗിച്ചവര്‍ എച്ച്‌ഐവി ബാധിതരായത്. ലഹരി വില്‍ക്കുന്നവര്‍ സിറിഞ്ച് കിട്ടാത്ത സാഹചര്യം വന്നാല്‍ അവരുടെ അടുത്ത് വരുന്നവര്‍ക്കും ഒരേ സിറിഞ്ചില്‍ നിന്ന് തന്നെ കുത്തിവെക്കുന്ന സാഹചര്യവുമുണ്ട്. ടോമയടക്കമുള്ള ലഹരിമരുന്നുകളുടെ വില്‍പ്പനക്കാര്‍ കൂടുതലായും ഇതര സംസ്ഥാന തൊഴിലാളികളാണ്.
ലഹരിസംഘത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സംബന്ധിച്ച വിവരം റിപ്പോര്‍ട്ടര്‍ സംഘം കുറ്റിപ്പുറം എക്‌സൈസില്‍ അറിയിച്ചിരുന്നു. എക്‌സൈസിന്റെ ഇടപെടലില്‍ ഇടനിലക്കാരനായ ഒരാളെ പിടികൂടുകയും മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. അസം സ്വദേശിയായ ബിലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിലാലിന്റെ വീട്ടില്‍ നിന്ന് ടോമയും കണ്ടെത്തി. ബിലാലിന് ലഹരികൈമാറിയ ജൗഹര്‍ അലിയെയും മിറാസ്സുല്‍ ഹഖിനെയും കുറിച്ചുള്ള വിവരവും റിപ്പോര്‍ട്ടര്‍ കൈമാറിയിരുന്നു. വളാഞ്ചേരിയിലെ ലഹരി മാഫിയയിലെ പ്രധാന കണ്ണിയായ മിറാസ്സുല്‍ ഹഖിന്റെ മുറിയില്‍ നിന്നും ടോമ കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Reporter found Valancheri HIV drug users use Toma Drug