
ന്യൂഡല്‍ഹി: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്. സിനിമയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചിത്രം റീ സെന്‍സറിങ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ സെന്‍സറിങ്ങിന് വിധേയമാക്കിയാല്‍ വിവാദ ഭാഗങ്ങള്‍ നീക്കിയേക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്. മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കുമ്പോഴും ചിത്രത്തിനെതിരെ സംഘപരിവാര്‍ വിമര്‍ശനം തുടരുകയാണ്. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തി.
എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
ഓര്‍ഗനൈസറിന്റെ ലേഖനത്തിനെതിരെ എ എ റഹീം എം പി രംഗത്തെത്തിയിരുന്നു. ബഹിഷ്‌കരിക്കേണ്ടത് എമ്പുരാനല്ലെന്നും ഓര്‍ഗനൈസറിലെ ലേഖനമാണെന്നും എ എ റഹീം പറഞ്ഞു. എമ്പുരാന്‍ ഇന്ത്യ വിരുദ്ധ സിനിമയാണെന്ന് സംഘപരിവാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമയില്‍ വിയോജിപ്പുകളും യോജിപ്പുകളും ഉണ്ടാകും. ആപത്ക്കരമായ പരാമര്‍ശങ്ങള്‍ ഓര്‍ഗനൈസര്‍ ലേഖനത്തിലുണ്ടെന്നും എ എ റഹീം പറഞ്ഞു.
Content Highlights-Censor board may recensoring movie empuraan