
കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ റിപ്പോർട്ടറിന്. ആത്മഹത്യക്ക് മുൻപ് നവീൻ ബാബു രണ്ട് തവണ ക്വാർട്ടേഴ്സിൽ എത്തിയെന്നും നാട്ടിലേക്കുള്ള ട്രെയിൻ പോയതിന് ശേഷവും റെയിൽവേ സ്റ്റേഷനിൽ എത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ട്രെയിൻ പോയത് അറിഞ്ഞിട്ടും പ്ലാറ്റ്ഫോമിൽ മണിക്കൂറുകൾ ചിലവഴിച്ചെന്നും ആത്മഹത്യ ചെയ്യുന്നത് പുലർച്ചെ 4.52നു ശേഷമാണെന്നും കുറ്റപത്രത്തിലുണ്ട്.
കേസിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം ഉടൻ കോടതിയില്‍ സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയെ പ്രതിയാക്കിയാണ് കുറ്റപത്രം. നവീൻ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. 166 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
മൂന്ന് ഭാഗങ്ങളായി 400 ലധികം പേജുകളുള്ളതാണ് കുറ്റപത്രം. കേസിൽ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുവിന്റെയും മക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കളക്ട്രേറ്റിലെ ജീവനക്കാർ പി പി ദിവ്യക്ക് എതിരായാണ് മൊഴി നൽകിയതെന്നാണ് വിവരം.
ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടാകാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.
Content Highlights: details of chargesheet in former ADM Naveen Babu's death