
കണ്ണൂര്‍: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ദിവ്യയ്ക്ക് കുരുക്ക് മുറുകുന്ന നിരവധി പരാമര്‍ശങ്ങള്‍ കുറ്റപത്രത്തിലുണ്ട്.
ഉന്നയിച്ച ആരോപണത്തിൻ്റെ കൂടുതൽ വിവരങ്ങൾ രണ്ട് ദിവസത്തിനകം പുറത്ത് അറിയും എന്ന പരാമർശമാണ് പ്രധാനമായും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നത്. 20 സിസിടിവികളും ശാസ്ത്രീയ പരിശോധന രേഖകളും കുറ്റപത്രത്തിൻ്റെ ഭാഗമാണ്. പ്രാദേശിക മാധ്യമത്തെ ദിവ്യ വിളിച്ച് വരുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. സംഭവം വാര്‍ത്തയാക്കിയത് ആസൂത്രിതമായാണ്. വിഷയം വലിയ രീതിയില്‍ മാധ്യമ വിചാരണയ്ക്ക് ഇടയായി. ഇതാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകളും കുറ്റപത്രത്തിലുണ്ട്. എന്‍ഒസി ലഭിക്കുന്നതിനു മുന്‍പ് പ്രശാന്തന്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവും പ്രശാന്തനും നിരവധി തവണ ഫോണില്‍ സംസാരിച്ചു. എന്‍ഒസി അനുവദിക്കും മുന്‍പ് പ്രശാന്തന്‍ ക്വാര്‍ട്ടേഴ്‌സിലെത്തി നവീന്‍ ബാബുവിനെ കണ്ടു. പണം കൈമാറിയതിന് നേരിട്ടുള്ള തെളിവുകള്‍ ഇല്ല. സാധൂകരണ തെളിവുകള്‍ ഉണ്ടെങ്കിലും സ്വീകരിക്കേണ്ട നിയമ നടപടി ദിവ്യ സ്വീകരിച്ചില്ല. പൊതുമധ്യത്തില്‍ ഉന്നയിക്കും മുന്‍പ് ദിവ്യ എവിടെയും പരാതി അറിയിച്ചില്ലെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു രണ്ട് തവണ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയെന്നും കുറ്റപത്രത്തിലുണ്ട്. നാട്ടിലേക്കുള്ള ട്രെയിന്‍ പോയതിന് ശേഷവും റെയില്‍വേ സ്റ്റേഷനില്‍ എത്തി. ട്രെയിന്‍ പോയത് അറിഞ്ഞിട്ടും പ്ലാറ്റ്‌ഫോമില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു. ആത്മഹത്യ ചെയ്യുന്നത് പുലര്‍ച്ചെ 4.52നു ശേഷമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. മൂന്ന് ഭാഗങ്ങളായി 400 ലധികം പേജുകളുള്ളതാണ് കുറ്റപത്രം. കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുവിന്റെയും മക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights- Investigation team submit charge sheet on naveen babu case in court