
കൊച്ചി: ആലുവയില്‍ മോഷ്ടാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ഓട്ടോ ഡ്രൈവര്‍. തമിഴ്‌നാട് ഗാന്ധിനഗര്‍ സ്വദേശി സുരേഷ് കുമാറിനെയാണ് ആലുവയില്‍ ഓട്ടോ ഓടിയ്ക്കുന്ന ഉളിയന്നൂര്‍ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടില്‍ സുധീർ ഓട്ടോയില്‍ കയറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. എസി മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച സുരേഷിനെ അതിസാഹസികമായിയാണ് സുധീർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. സുധീറിനെ ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്‌സേന അനുമോദന പത്രം നല്‍കി ആദരിച്ചു.
ഈ മാസം 24-ന് രാത്രിയാണ് സംഭവം. കുറച്ച് ആക്രി സാധനങ്ങള്‍ കമ്പനിപ്പടിയിലേക്ക് കൊണ്ട് പോകണമെന്ന് പറഞ്ഞാണ് ഒരാള്‍ സുധീറിനെ ഓട്ടം വിളിച്ചു. രണ്ട് എസി യൂണിറ്റും ഒരു മോട്ടോറുമായിരുന്നു കൊണ്ടുപോകാനുണ്ടായിരുന്നത്. സംശയം തോന്നിയ സുധീര്‍ ഓട്ടം പോകാന്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടു. കൂടുതല്‍ തുക നൽകാൻ തയ്യാറാണെന്നും സുരേഷ് പറഞ്ഞു.
കൂടുതല്‍ തുകയ്ക്ക് 'ആക്രി' എടത്തലയില്‍ എടുക്കാന്‍ ആളുണ്ടെന്ന് പറഞ്ഞ് സുധീര്‍ സാധനങ്ങളും കയറ്റി അയാളെയും കൂട്ടി ഊടുവഴികളിലൂടെ യാത്ര ചെയ്ത് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. പൊലീസുദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ തമിഴ്‌നാട് ഗാന്ധിനഗര്‍ സ്വദേശി സുരേഷ് കുമാറാണ് ഇയാളെന്നും എ സി യൂണിറ്റും മോട്ടോറും ആലുവയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും സമ്മതിച്ചു. കൂടാതെ നജാത്ത് ഹോസ്പിറ്റലിലും നേരത്തെ ഇയാള്‍ മോഷണം നടത്തിയതായി കണ്ടെത്തി. വടകര പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
സുധീര്‍ സമൂഹത്തിന് മാതൃകയാണെന്നും ധീരമായ പ്രവൃത്തിയെ അനുമോദിക്കുന്നുവെന്നും ഡോ വൈഭവ് സക്‌സേന പറഞ്ഞു. ആലുവ സ്‌കൂബ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് സുധീര്‍.
Content Highlight : The auto driver took the thief to the police station in Aluva