'ഗൂഢാലോചനയില്‍ പങ്കാളികളായവരെക്കുറിച്ച് കുറ്റപത്രത്തില്‍ പ്രതിപാദിക്കുന്നില്ല; നിയമപോരാട്ടം തുടരുമെന്ന് മഞ്ജുഷ

കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യമാത്രമാണ് പ്രതി

dot image

പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷ. ഗൂഢാലോചനയില്‍ പങ്കാളികളായവരുടെ കാര്യങ്ങള്‍ കുറ്റപത്രത്തില്‍ പ്രതിപാദിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കേസില്‍ നിയമ പോരാട്ടം തുടരുമെന്നും മഞ്ജുഷ പറഞ്ഞു.

നവീന്‍ ബാബു കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യമാത്രമാണ് പ്രതി. ദിവ്യയ്ക്ക് കുരുക്ക് മുറുകുന്ന നിരവധി പരാമര്‍ശങ്ങള്‍ കുറ്റപത്രത്തിലുണ്ട്. രണ്ടുദിവസത്തിനകം അറിയാമെന്ന ദിവ്യയുടെ പരാമര്‍ശം ഭീഷണിയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രാദേശിക മാധ്യമത്തെ ദിവ്യ വിളിച്ച് വരുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. സംഭവം വാര്‍ത്തയാക്കിയത് ആസൂത്രിതമായാണ്. നവീന്‍ ബാബു വിഷയം വലിയ രീതിയില്‍ മാധ്യമ വിചാരണയ്ക്ക് ഇടയായി. ഇതാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകളും കുറ്റപത്രത്തിലുണ്ട്. എന്‍ഒസി ലഭിക്കുന്നതിനു മുന്‍പ് പ്രശാന്തന്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവും പ്രശാന്തനും നിരവധി തവണ ഫോണില്‍ സംസാരിച്ചു. എന്‍ഒസി അനുവദിക്കും മുന്‍പ് പ്രശാന്തന്‍ ക്വാര്‍ട്ടേഴ്‌സിലെത്തി നവീന്‍ ബാബുവിനെ കണ്ടു. പണം കൈമാറിയതിന് നേരിട്ടുള്ള തെളിവുകള്‍ ഇല്ല. സാധൂകരണ തെളിവുകള്‍ ഉണ്ടെങ്കിലും സ്വീകരിക്കേണ്ട നിയമ നടപടി ദിവ്യ സ്വീകരിച്ചില്ല. പൊതുമധ്യത്തില്‍ ഉന്നയിക്കും മുന്‍പ് ദിവ്യ എവിടെയും പരാതി അറിയിച്ചില്ലെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ആത്മഹത്യക്ക് മുന്‍പ് നവീന്‍ ബാബു രണ്ട് തവണ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയെന്നും കുറ്റപത്രത്തിലുണ്ട്. നാട്ടിലേക്കുള്ള ട്രെയിന്‍ പോയതിന് ശേഷവും റെയില്‍വേ സ്റ്റേഷനില്‍ എത്തി. ട്രെയിന്‍ പോയത് അറിഞ്ഞിട്ടും പ്ലാറ്റ്‌ഫോമില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു. ആത്മഹത്യ ചെയ്യുന്നത് പുലര്‍ച്ചെ 4.52നു ശേഷമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. മൂന്ന് ഭാഗങ്ങളായി 400 ലധികം പേജുകളുള്ളതാണ് കുറ്റപത്രം. കേസില്‍ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlights- will continue fight for justice to naveen babu says wife manjusha

dot image
To advertise here,contact us
dot image