
തിരുവനന്തപുരം : ആരെങ്കിലും കത്രിക കാണിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമായോ എന്ന് മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇല്ലാത്ത നേരമുണ്ടാക്കി താന്‍ സിനിമ കണ്ടത് കത്രിക വയ്ക്കുംമുന്‍പ് കാണാനുള്ള തൻ്റെ അവകാശത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.
മോഹന്‍ലാലിനെ പോലെ ഒരു വലിയ നടന്‍ ഖേദപ്രകടനം നടത്തേണ്ടിവന്നെങ്കില്‍ നമ്മുടെ സിനിമാലോകം ബിജെപി ഭരണത്തിനു കീഴിലാണെന്നും. അത് വളരെ ഖേദകരമായ സ്ഥിതിയാണിതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കലാകാരന്‍മാര്‍ക്ക് ഇതുപോലെ മാപ്പിരക്കേണ്ട അവസ്ഥയുണ്ടാകുന്നതും ഖേദിക്കേണ്ട അവസ്ഥയുണ്ടാകുന്നതും ക്ഷമാപണം ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നതും ബിജെപി രാഷ്ട്രീയത്തിന്റെ ഭീകരതയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഈ സിനിമയിലെ പത്തോ പതിനേഴോ സീനുകള്‍ വെട്ടിമാറ്റിയതുകൊണ്ട് ആ സംഭവത്തിൻ്റെ സത്യങ്ങളൊന്നും മാഞ്ഞുപോകാന്‍ പോകുന്നില്ല. ഗുജറാത്ത് കലാപവും ആ കലാപത്തിന്റെ പുറകിലെ പങ്കാളികളും അവരുടെ രാഷ്ട്രീയത്തിന്റെ നിറവുമെല്ലാം ഇന്ത്യയ്ക്കറിയാം.
എംപുരാന്‍ സിനിമയില്‍ അത് തൽക്കാലം വെട്ടിമാറ്റി ആ ഭാഗം ഒഴിവാക്കി കാണിച്ചാലും ആ സത്യമൊന്നും മാഞ്ഞുപോകാന്‍ പോകുന്നില്ലയെന്നും അദേഹം പറഞ്ഞു. സത്യം ഏത് കത്രികയേക്കാളും വലുതാണ്. ഒരു വലിയ കലാകാരനെ ഇങ്ങനെയൊരു അവസ്ഥയിലേയ്ക്ക് എത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എമ്പുരാന്‍ വിവാദം കത്തിനില്‍ക്കെ വിഷയത്തില്‍ സിപിഐഎം നേതാവ് എം സ്വരാജും പ്രതികരണവുമായിയെത്തി. 'നുണ രാജ്യം ഭരിക്കുമ്പോള്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടും' എന്ന് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. സംഘ്പരിവാറിൻ്റെ സൈബര്‍ ആക്രമണത്തിന് പിന്നാലെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ രംഗങ്ങളുടെ പേരില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാലും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം സ്വരാജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
Content Highlight : Mohanlal should think to himself if it is appropriate to show regret while showing the scissors;Binoy viswam