
കൊച്ചി: എമ്പുരാന്‍ വിവാദം കത്തിനില്‍ക്കെ വിഷയത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് എം സ്വരാജ്. 'നുണ രാജ്യം ഭരിക്കുമ്പോള്‍ സത്യം സെന്‍സര്‍ ചെയ്യപ്പെടും' എന്ന് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. സംഘ്പരിവാറിന്റെ സൈബര്‍ ആക്രമണത്തിന് പിന്നാലെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ രംഗങ്ങളുടെ പേരില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാലും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം സ്വരാജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയര്‍ന്നു. ഗോധ്ര സംഭവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിച്ചത് ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നു. ഇതിന് പുറമേ പലരും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്നുള്ള അഭിപ്രായപ്രകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായില്ല. സിനിമയെ സിനിമയായി കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കി. ഇതിന് ശേഷവും സിനിമയ്ക്കെതിരെ പ്രതിഷേധം കനത്തു. ഇതോടെ ചിത്രം റീ എഡിറ്റ് ചെയ്യാന്‍ അണിറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് മോഹന്‍ലാലും പൃഥ്വിരാജും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
തന്നെ സ്നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞുവെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് കടമയാണ്. അതുകൊണ്ടുതന്നെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു.
Content Highlights- m swaraj reaction on empuraan controversy