'ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം'; ഇന്ന് വൈകുന്നേരം പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

മാര്‍ച്ച് 30ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി

dot image

തിരുവനന്തപുരം: എമ്പുരാനെതിരെ സംഘ്പരിവാര്‍ ആക്രമണം രൂക്ഷമായിരിക്കെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന ആഹ്വാനവുമായി യുവജന പ്രതിഷേധം സംഘടിപ്പിക്കാന്‍ ഡിവൈഎഫ്‌ഐ. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ പ്രതിരോധിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാര്‍ച്ച് 30ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

എമ്പുരാനെതിരെ സംഘ്പരിവാര്‍ ആക്രമണം തുടരുകയാണെന്നും ഗുജറാത്ത് കലാപത്തെ സിനിമയില്‍ ദൃശ്യാവിഷ്‌കരിച്ചതാണ് ആക്രമണത്തിന് പിന്നിലെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.ബിജെപിയുടേയും ആര്‍എസ്എസിന്റേയും നേതാക്കള്‍ വരെ സിനിമയ്‌ക്കെതിരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണ്. സംഘപരിവാറിന്റെ ഇത്തരം ഭീഷണികളുടെ ഭാഗമായി സിനിമയിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്യുവാന്‍ വേണ്ടി അണിയറ പ്രവര്‍ത്തകര്‍ തയ്യാറാകുന്നതും മോഹന്‍ലാല്‍ വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതും കണ്ടു. ഈ രീതിയില്‍ രാജ്യത്ത് സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്ക് സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറയുന്നു.

എമ്പുരാനെതിരെ സംഘ്പരിവാര്‍ ആക്രമണം രൂക്ഷമായതോടെ ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം നടന്‍ മോഹന്‍ലാല്‍ സ്ഥിരീകരിക്കുകയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ രംഗങ്ങളുടെ പേരില്‍ നടന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. തന്നെ സ്‌നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞുവെന്നും ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് കടമയാണെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ പങ്കുവെച്ച പോസ്റ്റ് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയര്‍ന്നു. ഗോധ്ര സംഭവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിച്ചത് ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നു. ഇതിന് പുറമേ പലരും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്നുള്ള അഭിപ്രായപ്രകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായില്ല. സിനിമയെ സിനിമയായി കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കി. ഇതിന് ശേഷവും സിനിമയ്‌ക്കെതിരെ പ്രതിഷേധം കനത്തു. ഇതോടെയാണ് ചിത്രം റീ എഡിറ്റ് ചെയ്യാന്‍ അണിറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി മോഹന്‍ലാലും പൃഥ്വിരാജും രംഗത്തെത്തിയത്.

Content Highlights- Dyfi will protest against sanghparivar over empuraan controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us