
കോഴിക്കോട്: കോഴിക്കോട് സൈനിക സ്കൂളിൽ നിന്ന് കുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായി തുടരുന്നു. പൂനെ ധൻബാദ് മേഖലകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്. ആത്മഹത്യ ചെയ്യില്ലെന്നും ജോലി ചെയ്തു ജീവിക്കുമെന്നും കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നതായും വിവരം ഉണ്ട്. അതേസമയം കുട്ടിയെ കാണാതായതിൽ ഹോസ്റ്റലിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഹോസ്റ്റൽ വാർഡൻ അനിൽകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.
ഹോസ്റ്റൽ പൂട്ടി താക്കോൽ തൻ്റെ കയ്യിലായിരുന്നുവെന്നും കുട്ടിയുടെ കൈവശമുള്ളത് അത്യാവശ്യമുള്ള വസ്ത്രം മാത്രമാണെന്നും അനിൽകുമാർ പറഞ്ഞു. ഈ മാസം 24നാണ് ബീഹാർ സ്വദേശിയായ 13കാരനെ സ്കൂളിൽ നിന്ന് കാണാതായത്. അതിസാഹസികമായാണു കുട്ടി ഹോസ്റ്റലിൽനിന്നു രക്ഷപ്പെട്ടതെന്നു സ്കൂൾ അധികൃതരും പറഞ്ഞു.
പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയിൽനിന്നു കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നു. മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. ബിഹാറിലുള്ള രക്ഷിതാക്കൾക്കും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. നിലവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മറ്റും കുട്ടിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights :Child missing from military school; investigation underway