
ആലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയ്യേറി സിപിഐഎം പഞ്ചായത്ത് ഭരണ സമിതിയുടെ അതിക്രമമെന്ന് പരാതി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വെള്ളം ഒഴുക്കി വിടാൻ സ്ഥലം കയ്യേറി തോട് നിർമ്മിക്കാൻ കൂട്ടുനിന്നെന്നാണ് പരാതി. പത്തിയൂർ സ്വദേശി ശ്രീലതയുടെ പരാതിയിൽ പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും ഭരണപക്ഷ അംഗങ്ങൾക്കുമെതിരെ കേസെടുത്തു.
തങ്ങളുടെ സ്ഥലം കയ്യേറുന്നത് ചോദ്യം ചെയ്തതോടെ വൃദ്ധദമ്പതികളെ ഭീഷണിപ്പെടുത്തി അസഭ്യവർഷം നടത്തിയെന്നും എഫ്ഐആറിലുണ്ട്. ജെസിബിയുമായി എത്തിയായിരുന്നു അതിക്രമം നടത്തിയത്.
വൃദ്ധ ദമ്പതികളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. ഇതിനോട് ചേർന്നുള്ള സ്ഥലം ഉദയൻ എന്നയാള്‍ വാങ്ങുകയും ആ സ്ഥലത്തെ വെള്ളം ഒഴുക്കിവിടാൻ തന്‍റെ സ്ഥലത്തെ ഓട വൃത്തിയാക്കുന്നതിനൊപ്പം ഉദയൻ ദമ്പതികളുടെ സ്ഥലം കയ്യേറിയെന്നുമാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ അസഭ്യവർഷം നടത്തിയെന്നും ആരോപണം ഉണ്ട്. തുടർന്ന് ദമ്പതികള്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ലെന്നും ഇവർ പറയുന്നു. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് പ്രസിഡന്‍റിനും സെക്രട്ടറിക്കും അംഗങ്ങള്‍ക്കുമെതിരെ കേസെടുത്തത്.
Content Highlights :Encroachment on private land; Case filed against Panchayat President, Secretary and ruling party