
തിരുവനന്തപുരം: തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമൂഹ മാധ്യമ വിഭാഗം ശക്തിപ്പെടുത്താൻ കോൺഗ്രസ്. സമൂഹ മാധ്യമ ഇടപെടൽ ദുർബലമെന്ന വിമർശനത്തിന് പിന്നാലെയാണ് കോൺഗ്രസിന്റെ ഈ നീക്കം. ഡിജിറ്റൽ മീഡിയ വിഭാഗം പുനഃസംഘടിപ്പിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആറ് മാസമായി ഡിജിറ്റൽ മീഡിയ വിഭാഗം ഏകോപിപ്പിക്കാൻ ആളില്ലെന്നും മുതിർന്ന നേതാക്കൾക്ക് ചുമതല നൽകണമെന്നുമാണ് ആവശ്യം.
പാർട്ടി ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്നും പലകോണിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സർക്കാരിനെ പ്രതികൂട്ടിൽ നിർത്തുന്ന വിഷയങ്ങൾ ഏറ്റെടുക്കണമെന്നും നിർദേശം ഉണ്ട്. സർക്കാരിനെതിരെയുള്ള ജനകീയ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സമൂഹ മാധ്യമം വഴി കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ കൃത്യമായ രീതിയിൽ പരിചയസമ്പന്നരായ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകണം എന്ന അഭിപ്രായം ആണ് ഉയരുന്നത്.
ഒക്ടോബർ മാസമാണ് ഡോ. പി സരിൻ ഡിജിറ്റൽ മീഡിയ കൺവീനർ സ്ഥാനത്ത് നിന്ന് രാജി വെച്ചത്. പിന്നീട് അഞ്ച് മാസം പിന്നിട്ടിട്ടും ഇതുവരെ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നും അത് ഡിജിറ്റൽ വിഭാഗത്തെ കൃത്യമായി ബാധിക്കുന്നുണ്ട് എന്നുമാണ് വിലയിരുത്തൽ. നിലവിൽ വിടി ബൽറാം ആണ് ഡിജിറ്റൽ മീഡിയ വിഭാഗത്തിന്റെ ചെയർമാൻ.
Content Highlights :Local body elections; Congress to strengthen digital wing