
കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ കണ്ട് സിപിഐഎം നേതാവ് പി ജയരാജന്‍. സിനിമയുടെ അവസാന രംഗങ്ങളാകും സംഘ്പരിവാറിനെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ടാകുകയെന്ന് പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ക്രൂരതകളുടെ മൃഗീയ സ്വഭാവം പ്രാവര്‍ത്തികമാക്കിയ കഥാപാത്രത്തിന്റെ പേര് 'ബജ്‌രംഗി' എന്ന് നിശ്ചയിച്ചതും അവരെ രോഷാകുലരാക്കി. ആ കഥാപാത്രം സിനിമയുടെ ഒടുവില്‍ വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെട്ടതും അതിമനോഹരമായി ചിത്രീകരിച്ചുവെന്നും പി ജയരാജന്‍ അഭിപ്രായപ്പെട്ടു.
തിരിച്ചടികള്‍ ഫാസിസ്റ്റുകളെ എപ്പോഴും അമ്പരപ്പിച്ചിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. വരാനിരിക്കുന്ന തിരിച്ചടികള്‍ പ്രതീക്ഷിക്കുന്നത് പോലും അവര്‍ക്ക് സഹിക്കാവുന്നതല്ല. ജനാധിപത്യ സമൂഹം ഫാസിസ്റ്റുകളുടെ എല്ലാ നീക്കങ്ങളെയും കണ്ടറിഞ്ഞ് പ്രതിരോധിക്കേണ്ടിയിരിക്കുന്നു. ആ പ്രതിരോധം ഒരു തുടര്‍പ്രക്രിയയാവണമെന്നും പി ജയരാജന്‍ പറഞ്ഞു.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അസഹിഷ്ണുതയുടെ ആള്‍ രൂപമായ സംഘപരിവാരം രാജ്യത്തുടനീളം നടത്തുന്ന അക്രമങ്ങളും ഭീഷണികളും വിലക്കുകളും സമൂഹം വലിയതോതില്‍ ചര്‍ച്ച ചെയ്തു വരികയാണല്ലോ.ഏറ്റവും ഒടുവില്‍ ഇന്നലെ തമിഴ്‌നാട്ടിലെ കന്യാകുമാരി കുഴിത്തുറയില്‍ നിന്ന് ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. സിപിഐ(എം) 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ നടക്കുന്നതിനോടനുബന്ധിച്ച് സനാതന ധര്‍മ്മത്തെ കുറിച്ച് സംഘടിപ്പിച്ച സെമിനാര്‍ വേദിയില്‍വെച്ചാണ് കേരളത്തിലെ പ്രമുഖ നവോത്ഥാന പ്രഭാഷകന്‍ ശ്യാകുമാറിന് നേരെ കയ്യേറ്റം ഉണ്ടായത്. സെമിനാറില്‍ പ്രസംഗിച്ച് ശ്യാംകുമാര്‍ താഴെ ഇറങ്ങിയ സന്ദര്‍ഭത്തിലാണ് ആക്രമണ ശ്രമം ഉണ്ടായത്. സനാതന ധര്‍മ്മത്തെ കുറിച്ചായിരുന്നു സെമിനാര്‍. കയ്യേറ്റ ശ്രമത്തെ തുടര്‍ന്ന് ജനങ്ങള്‍ ഓടിക്കൂടി. സിപിഐഎം പ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിലാണ് അക്രമികള്‍ പിന്തിരിഞ്ഞത്.
'ഹിന്ദുത്വ തീവ്രവാദശക്തികള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന സനാതന ധര്‍മ്മം ജാതി ധര്‍മ്മം തന്നെയാണ്. ഹിന്ദുത്വ ഭാഷയുടെ മറ്റൊരു പേര് മാത്രമാണ് സനാതന ഹിന്ദുത്വം എന്ന് സംസ്‌കൃത പാഠങ്ങള്‍ ഉദ്ധരിച്ചു കൊണ്ടുള്ള പ്രസംഗമാണ് ആര്‍എസ്എസുകാരെ ചൊടിപ്പിച്ചത്. ഇന്ത്യയിലെ അടിസ്ഥാന ജനതയെ രക്ഷിച്ചത് നവോത്ഥാന പോരാട്ടങ്ങളും അതിന്റെ തന്നെ തുടര്‍ച്ചയായ ഇന്ത്യന്‍ ഭരണഘടനയും ആണ് എന്നുള്ള പ്രസ്താവനയും അവര്‍ക്ക് ഉള്‍ക്കൊള്ളനായില്ല. ശ്യാംകുമാറിന് നേരെയുള്ള ആക്രോശവും കയ്യേറ്റവും ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ അക്രമത്തിന്റെ തുടര്‍ച്ച കൂടിയാണ്.
മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് ഒരുക്കിയ 'എമ്പുരാന്‍' സിനിമയ്ക്ക് നേരെ ഉയര്‍ത്തുന്ന ഭീഷണിയും അതിന്റെ ഭാഗമാണ്. ഈ സിനിമ ഇന്ന് മലയാളി പ്രേക്ഷകര്‍ ആകെ തിയേറ്ററുകളിലേക്ക് ഇരച്ചുകയറി കാണുകയാണ്. കഴിഞ്ഞ ദിവസം ഞാനും എമ്പുരാന്‍ സിനിമ കണ്ടു. സിനിമയ്‌ക്കെതിരെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയും ഉയര്‍ത്തുന്ന സംഘപരിവാര്‍ ഭീഷണിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സിനിമ കണ്ടതിനുശേഷം ഞാനും ആലോചിക്കുകയുണ്ടായി. എന്തു കാരണത്താലാണ് ആര്‍എസ്എസുകാര്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ത്തിയത് എന്ന് പല പ്രമുഖരും ചൂണ്ടി കാണിച്ചത് പോലെ 2002 ലെ മോദി ഭരണകാലത്ത് നടന്ന ഗുറാത്തിലെ മുസ്ലിം വംശഹത്യയുടെ ദൃശ്യങ്ങളാണ് ആര്‍എസ്എസുകാരെ ചൊടിപ്പിച്ചതെന്ന് പൊതു അഭിപ്രായം രൂപപ്പെടുകയുണ്ടായി. ആ ദൃശ്യ ഭാഗങ്ങളില്‍ മുസ്ലിം തീവ്രവാദ പരിശീലക ക്യാമ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ എനിക്ക് തോന്നുന്നത് സിനിമയുടെ അവസാന രംഗങ്ങളാണ് സംഘപരിവാരത്തെ പ്രകോപിച്ചിട്ടുണ്ടാവുക എന്നാണ്. ക്രൂരതകളുടെ മൃഗീയ സ്വഭാവം പ്രാവര്‍ത്തികമാക്കിയ കഥാപാത്രത്തിന്റെ പേര് 'ബജ്‌രംഗി' എന്ന് നിശ്ചയിച്ചതും അവരെ രോഷാകുലരാക്കി. എന്നുമാത്രമല്ല ആ കഥാപാത്രം സിനിമയുടെ ഒടുവില്‍ വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷക്ക് ഇരയാവുന്നതും അതിമനോഹരമായി ചിത്രീകരിച്ചു. ഈ ഭാഗമാണ് കൂടുതല്‍ പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് അനുമാനിക്കേണ്ടത്. കാരണം തിരിച്ചടികള്‍ ഫാസിസ്റ്റുകളെ എപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഭയങ്കരമായ തിരിച്ചടികള്‍ പ്രതീക്ഷിക്കുന്നത് പോലും അവര്‍ക്ക് സഹിക്കാവുന്നതല്ല. അതിനാല്‍ ജനാധിപത്യ സമൂഹം ഫാസിസ്റ്റുകളുടെ എല്ലാ നീക്കങ്ങളെയും കണ്ടറിഞ്ഞ് പ്രതിരോധിക്കേണ്ടിയിരിക്കുന്നു. ആ പ്രതിരോധം ഒരു തുടര്‍പ്രക്രിയ ആവണം.
Content Highlights- p jayarajan reaction on empuraan controversy