'ആരാണ് കറുത്ത ദൂതൻ?, അങ്ങനെ ഒന്ന് ബൈബിളിലുണ്ടോ?'എമ്പുരാനിൽ ക്രിസ്ത്യൻ വിരുദ്ധ ആശയങ്ങളെന്ന് ഓർഗനൈസർ

വിഷയത്തില്‍ ക്രിസ്ത്യന്‍ വിഭാഗം മൗനം പാലിക്കുകയാണെന്നും ഓർഗനൈസർ

dot image

ന്യൂഡല്‍ഹി: എമ്പുരാനെതിരെ വീണ്ടും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. എമ്പുരാനില്‍ ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങളുണ്ടെന്നാണ് പുതിയ ആരോപണം. ചിത്രത്തിന്റെ കഥാകൃത്ത് മുരളി ഗോപിയും സംവിധായകന്‍ പൃഥ്വിരാജും ചേര്‍ന്ന് ക്രിസ്ത്യന്‍ വിശ്വാസത്തെയും മൂല്യങ്ങളെയും തെറ്റായ രീതിയില്‍ ചിത്രീകരിച്ചുവെന്ന് ഓര്‍ഗനൈസര്‍ ആരോപിച്ചു. ജിതിന്‍ ജേക്കബ് ആണ് ലേഖകന്‍. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്കകള്‍ എന്ന നിലയ്ക്കാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്.

'ദൈവപുത്രന്‍ പാപം ചെയ്യുമ്പോള്‍, ദൈവം ഒരു കറുത്ത ദൂതനെ അയയ്ക്കുന്നു' എന്നാണ് സിനിമയിലെ സംഭാഷണം. ആരാണ് കറുത്ത ദൂതന്‍? അങ്ങനെ ഒരു ആശയം ബൈബിളില്‍ ഉണ്ടോ എന്ന് ഓര്‍ഗനൈസര്‍ ചോദിക്കുന്നു. വിഷയത്തില്‍ ക്രിസ്ത്യന്‍ വിഭാഗം മൗനം പാലിക്കുകയാണ്. ഖുര്‍ആനിലെ ഒരു ഭാഗം ഇതേ പോലെ മാറ്റി സിനിമ ചിത്രീകരിക്കാന്‍ കഴിയുമോ എന്നും ഓര്‍ഗനൈസര്‍ ചോദിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ കോലാഹലം കാതടപ്പിക്കുന്നതായിരിക്കും. ലോകമെമ്പാടും പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടും. എന്നിരുന്നാലും, ക്രിസ്തുമതത്തിന്റെ കാര്യത്തില്‍, ഭയാനകമായ ഒരു നിശബ്ദത നിലനില്‍ക്കുന്നതായി തോന്നുന്നു. ഇറാഖിലെ ഏക ക്രിസ്ത്യന്‍ നഗരമായ കാരഖോഷിനെക്കുറിച്ച് സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഐസിസ് നശിപ്പിച്ച ഇവിടം ക്രൂരമായ കൂട്ടക്കൊലകള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു.

ഇതിനെല്ലാം പിന്നില്‍ എന്തെങ്കിലും അജണ്ടയുണ്ടോയെന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. ക്രിസ്തുമതം എളുപ്പത്തില്‍ നേടാവുന്ന ലക്ഷ്യമായി കണക്കാക്കപ്പെടുന്നു. അതിനുകാരണം അതിന്റെ അനുയായികള്‍ നിഷ്‌ക്രിയരായതിനാലാണെന്നും ലേഖനം പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഓര്‍ഗനൈസര്‍ എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

Content Highlights- rss editorial newspaper organaizer again publish writeup against empuraan

dot image
To advertise here,contact us
dot image