
ന്യൂഡൽഹി: നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ വിമർശനം തുടർന്ന് ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. പൃഥ്വിരാജിൻ്റേത് ദേശവിരുദ്ധരുടെ ശബ്ദമാണ്. സേവ് ലക്ഷദ്വീപ് ക്യാംപയിനിന്റെ പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ് പൃഥ്വിരാജ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെയും പിന്തുണച്ചിട്ടുണ്ട്. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ സഹോദരൻ ഇന്ദ്രജിത്തും നടനെ പിന്തുണച്ചിട്ടുണ്ട്. എന്നാൽ ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പൃഥ്വിരാജ് പ്രതികരിച്ചില്ലെന്ന് ഓർഗനൈസർ എഴുതുന്നു. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിലും മൗനം പാലിക്കുകയാണ്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തിന് ഹനുമാന്റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നൽകിയെന്നും ഓർഗനൈസർ വിമർശിച്ചു.
'വിവാദത്തിന് മറുപടിയായി 'എമ്പുരാൻ' എന്ന സിനിമയിൽ മാറ്റങ്ങൾ വരുത്തുമെന്ന് ചിത്രത്തിന്റെ നിർമ്മാണ സംഘം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്നത് സിനിമയുടെ സംവിധായകനായ പൃഥ്വിരാജ് സുകുമാരനാണ്. വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സ്വീകരിച്ച നിലപാടുകൾക്ക് പേരുകേട്ടയാളാണ് അദ്ദേഹം. കേന്ദ്രസർക്കാരിന്റെ പുരോഗമന നടപടികളെ എതിർക്കാൻ 'സേവ് ലക്ഷദ്വീപ്' എന്ന പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളായിരുന്നു പൃഥ്വിരാജെന്ന്' ഓർഗനൈസർ കുറിച്ചു.
'പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെയും അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടെ ജാമിയ വിദ്യാർത്ഥികളെ പിന്തുണച്ചത് പൃഥ്വിരാജായിരുന്നു'. സിഎഎ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നതായി പൃഥ്വിരാജ് പോസ്റ്റ് ചെയ്ത എക്സ് പോസ്റ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു ഓർഗനൈസറിന്റെ വിമർശനം.
'ഡൽഹി പൊലീസിനെ നേരിടുന്ന ആയിഷ റെന്നയെ പിന്തുണച്ച് കൊണ്ട് പൃഥ്വിരാജിന്റെ സഹോദരൻ ഇന്ദ്രജിത്തും അന്ന് രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് അന്ന് പ്രതിഷേധങ്ങൾ ഉണ്ടായത്. രാജ്യത്തുളള മുസ്ലീം വിഭാഗത്തെ നിയമം ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്ന് വ്യക്തമാക്കിയിരുന്നു. എന്നിട്ടും തെറ്റായ വിവരങ്ങളാണ് പ്രചരിച്ചത്. അത്തരത്തിലൊരു പ്രതിഷേധത്തിന് പൃഥ്വിരാജ് പിന്തുണ നൽകിയത് അദ്ദേഹത്തിന്റെ രാജ്യ വിരുദ്ധ നിലപാടിനെയാണ് വ്യക്തമാക്കുന്നതെ'ന്ന് മുഖപത്രത്തിൽ പറയുന്നു.
'മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാണ്. നൂറുകണക്കിന് ക്രിസ്ത്യൻ കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടപ്പോൾ പൃഥിരാജ് മൗനം പാലിച്ചു. സിഎഎ കുറിച്ച് സംസാരിക്കുന്ന അദ്ദേഹം എന്തുകൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പ്രതികരിക്കുന്നില്ലെ'ന്ന് മുഖപത്രത്തിൽ ചോദിക്കുന്നു. 'പൃഥ്വിരാജിപ്പോൾ പ്രതിക്കൂട്ടിലാണ്. അദ്ദേഹത്തിന്റെ ദുരുദ്ദേശം തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. 2002 ലെ ഗോദ്ര ട്രെയിൻ സംഭവത്തിന് ശേഷം ഇസ്ലാം വിഭാഗത്തിന് എന്ത് സംഭവിച്ചെന്ന് എമ്പുരാൻ എന്ന സിനിമയിൽ കാണിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന വില്ലന്റെ പേര് ബജ്രംഗ്ബലി എന്നാണ്. ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന്റെ മറ്റൊരു പേരാണിത്. ആ പേര് തന്നെ വില്ലന് നൽകാൻ പൃഥ്വിരാജ് എന്തിനാണ് തീരുമാനിച്ചതെന്ന് ഉത്തരം നൽകേണ്ടതുണ്ട്. ആ കഥാപാത്രം കേന്ദ്ര ആഭ്യന്തര മന്ത്രി ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെ'ന്നും ഓർഗനൈസർ കുറിച്ചു.
എമ്പുരാനിൽ ഇത്തരം സംഭവങ്ങൾ കാണിക്കുന്നത് യാദൃശ്ചികമായല്ല. ഇന്ത്യാ വിരുദ്ധരുടെയും ഇടതുപക്ഷത്തിന്റെയും ദുഷ്ട ലക്ഷ്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഒരു പ്രചാരണ സിനിമ നിർമ്മിക്കുക എന്നതായിരുന്നു പൃഥ്വിരാജിന്റെ ലക്ഷ്യമെന്നത് വ്യക്തമാണെന്നും ഓർഗനെെസർ വിമർശിക്കുന്നു.
Content Highlights: Organiser Weekly Against Prithviraj Sukumaran