
കൊച്ചി: എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടനും അഭിഭാഷകനുമായ അഡ്വ. സി ഷുക്കൂർ. വിവാദത്തില്‍ വേണ്ടത്ര പിന്തുണ തിരക്കഥാകൃത്തിനും സംവിധായകനും നടനും സിനിമാ മേഖലയില്‍ നിന്നും ലഭിച്ചില്ലെന്ന സംസാരം സിനിമാ പ്രവർത്തകർക്കിടയിലുണ്ടെയെന്ന് അഡ്വ. സി ഷുക്കൂർ റിപ്പോർട്ടറിനോട് പ്രതികരിച്ചു. സൊസൈറ്റിയുടെ ഭാഗമായി നിൽക്കുമ്പോൾ പല സമ്മർദ്ദങ്ങളും ഉണ്ടാവും. സെൻസർബോർഡ് സിനിമ കണ്ടില്ലെന്ന് പറയുന്നത് തമാശയായിട്ടാണ് തോന്നുന്നതെന്നും ഷുക്കൂർ വക്കീൽ പറഞ്ഞു.
സിനിമ ഒരുദിവസം കൊണ്ട് ഉണ്ടാവുന്നതല്ല. മോഹൻലാൽ സിനിമയിൽ പറയുന്ന ഓരോ വാക്കും പ്രധാനപ്പെട്ടതാണ്. എല്ലാവരും കൂടിയായിലോചിച്ച ശേഷമാണ് ചിത്രീകരണം ആരംഭിക്കുന്നത്. എമ്പുരാൻ കണ്ടതാണ്. സിനിമയിൽ രാഷ്ട്രീയം ചർച്ച ചെയ്യണം. അനാവശ്യമായി സിനിമയുടെ മേൽ സെൻസറിംഗ് നടത്തേണ്ടതില്ല. സാമൂഹിക ഐക്യവും സൗഹാർദവും തകർക്കുന്ന നിലയിൽ സിനിമയെടുക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സിനിമാ പ്രവർത്തകർ കാണിക്കണമെന്നും നടൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാൻ തിയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങൾക്കകം തന്നെ പൃഥ്വിരാജും ആൻ്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയർ ചെയ്തിരുന്നു. തുടർച്ചയായ സംഘപരിവാർ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്തെത്തിയത്.
Content Highlights: Shukkur Vakkeel on empuraan controversy