'ലൈംഗിക ചൂഷണം നടന്നിട്ടുണ്ട്, തെളിവുകള്‍ ഹാജരാക്കി': ഐബി ഉദ്യോഗസ്ഥയുടെ പിതാവ്

ബാഗില്‍ നിന്ന് കിട്ടിയ പേപ്പറുകളും അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു

dot image

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് മധുസൂദനന്‍. മകള്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. അതിന്റെ തെളിവ് ഹാജരാക്കിയിട്ടുണ്ട്. ഇതില്‍ കേസെടുക്കുമെന്നും പിതാവ് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായാണ് കേസ് അന്വേഷിക്കുന്നതെന്നും പിതാവ് പറഞ്ഞു. നിലവിലെ അന്വേഷണം തൃപ്തികരമാണ്. മലപ്പുറം സ്വദേശിയായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ പ്രേരണ മൂലമാണ് മകള്‍ ജീവനൊടുക്കിയത്. ബാഗില്‍ നിന്ന് കിട്ടിയ പേപ്പറുകളും അന്വേഷണത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് നടന്നതിന് ബാങ്ക് രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. സുകാന്തിന് എതിരെ കേസെടുത്തിട്ടില്ല. സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പിതാവ് വ്യക്തമാക്കി.

നേരത്തേ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിരുന്നു. മകള്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടതായി പിതാവ് പറഞ്ഞിരുന്നു. മകളുടെ ശമ്പളത്തുക മുഴുവന്‍ സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. മകളുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നത് ആയിരം രൂപ മാത്രമാണ്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. രാജസ്ഥാനിലെ പരിശീലന ക്ലാസ്സില്‍ യുവതിക്കൊപ്പം സുകാന്തും ഉണ്ടായിരുന്നു. 2024 മെയിലാണ് ചെറിയ തുക ആദ്യം യുവതിയുടെ അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തത്. 2024 ഒക്ടോബര്‍ മുതല്‍ മുഴുവന്‍ ശമ്പളത്തുകയും അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്ത് തുടങ്ങി. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഐബിക്കും പൊലീസിനും മെയില്‍ ചെയ്തിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Content Highlights- IB officer sexually abused says father to media

dot image
To advertise here,contact us
dot image