പ്രണയം നടിച്ച് വിദ്യാര്‍ത്ഥിയുടെ പിതാവില്‍ നിന്ന് പണം തട്ടി; അധ്യാപികയും സംഘവും പിടിയില്‍

പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഇവർ ഭീഷണിപ്പെടുത്തി

dot image

ബെംഗളൂരു: ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ അധ്യാപിക അടക്കം മൂന്ന് പേര്‍ പിടിയില്‍. ബെംഗളൂരുവിലാണ് സംഭവം. വിജയപുര സ്വദേശിയും പ്രീ സ്‌കൂള്‍ അധ്യാപികയുമായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗര്‍ മോര്‍ (28) എന്നിവരാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ശ്രീദേവിയുടെ വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി.

ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ പ്രീ സ്‌കൂള്‍ അധ്യാപികയാണ് ശ്രീദേവി. വ്യാപാരിയായ പരാതിക്കാരന്‍ 2023 ല്‍ തന്റെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളായ അഞ്ച് വയസുകാരിയെ ശ്രീദേവി പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ ചേര്‍ത്തിരുന്നു. സ്‌കൂളുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ശ്രീദേവി 2024ല്‍ പരാതിക്കാരനില്‍ നിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റി. തിരികെ നല്‍കാമെന്ന ഉറപ്പിലായിരുന്നു പരാതിക്കാരന്‍ പണം നല്‍കിയത്.

പണം തിരികെ ചോദിച്ചപ്പോള്‍ സ്‌കൂളിന്‍റെ പാര്‍ട്ണറാക്കാമെന്ന് പറഞ്ഞ് ശ്രീദേവി ഒഴിഞ്ഞുമാറി. ഇതിനിടെ ഇരുവരും തമ്മില്‍ പ്രണയത്തിലായി. പുതിയ സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഇരുവരും ആശയവിനിമയം നടത്തിയത്. ഇതിനിടെ പരാതിക്കാരന്‍ ശ്രീദേവിയോട് താന്‍ നേരത്തേ നല്‍കിയ പണം വീണ്ടും ആവശ്യപ്പെട്ടു. ഇതോടെ ശ്രീദേവി പരാതിക്കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി, അടുത്തിടപഴകിയ ശേഷം 50,000 രൂപ കൂടി കൈക്കലാക്കി.

ബന്ധം തുടരുന്നതിനിടെ ശ്രീദേവി പതിനഞ്ച് ലക്ഷം രൂപ കൂടി പരാതിക്കാരനോട് ആവശ്യപ്പെട്ടു. പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പരാതിക്കാരന്‍ ബന്ധം അവസാനിപ്പിക്കുകയും സിം ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ ശ്രീദേവി പരാതിക്കാരന്റെ ഭാര്യയെ ബന്ധപ്പെട്ട് മകളുടെ ടിസി വാങ്ങാന്‍ സ്‌കൂളിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്‌കൂളിലെത്തിയ പരാതിക്കാരനെ സാഗറും ഗണേഷും ചേര്‍ന്ന് കായികമായി നേരിട്ടു. ഒരു കോടി രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം ശ്രീദേവിയുമായുള്ള ബന്ധം വീട്ടില്‍ അറിയിക്കുമെന്നും ഭീഷണി മുഴക്കി. ഒടുവില്‍ 20 ലക്ഷം രൂപ നല്‍കാമെന്ന് പരാതിക്കാരന്‍ പറഞ്ഞു. വിട്ടയക്കാന്‍ 1.9 ലക്ഷം രൂപ കൈമാറണമെന്ന് ആവശ്യപ്പെട്ടു.

മാര്‍ച്ച് 19 ന് ശ്രീദേവി വീണ്ടും പരാതിക്കാരനെ ബന്ധപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഇയാള്‍ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചില്‍ പരാതിപ്പെടുകയായിരുന്നു.

Content Highlights- teacher and three others arrested for blackmail man in bengaluru

dot image
To advertise here,contact us
dot image