
ആലപ്പുഴ: പുന്നപ്രയിൽ വീട് ജപ്തി ചെയ്തതിന് പിന്നാലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാങ്കിനെതിരെ ആരോപണവുമായി പിതാവ്. പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാലിനെ കഴിഞ്ഞ ദിവമാണ് വീടിനോട് ചേർന്ന ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജപ്തിക്ക് ശേഷം മകൻ വലിയ മനോവിഷമത്തിൽ ആയിരുന്നുവെന്നും വീടിന്റെ തിണ്ണയിലാണ് യുവാവ് കഴിഞ്ഞതെന്നും അച്ഛൻ അനിലൻ പറഞ്ഞു.
'മാർച്ച് 30-ന് ജപ്തി ചെയ്യുമെന്ന് പറഞ്ഞ ബാങ്ക് 24-ന് എത്തി ജപ്തി നടത്തി. അവശ്യ സാധനങ്ങൾ ഒന്നും എടുക്കാൻ സമ്മതിച്ചില്ലെന്നും ജപ്തി നോട്ടീസ് ലഭിച്ചപ്പോൾ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നുവെന്നും' പിതാവ് കൂട്ടിച്ചേർത്തു. കെട്ടിട നിർമ്മാണ തൊഴിലാളിയായ പ്രഭുലാൽ ജോലിക്കിടയിൽ വീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെയാണ് തിരിച്ചടവ് മുടങ്ങിയത്.
കേരളബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് 2018-ൽ മൂന്ന് ലക്ഷം രൂപയാണ് വായ്പ എടുത്തത്. ദിവസവും ജപ്തി ചെയ്ത വീട്ടിൽ വന്ന് പരിസരത്ത് അൽപസമയം പ്രഭുലാൽ ചെലവിടുമായിരുന്നുവെന്ന് അയൽവാസികൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിർമ്മാണ തൊഴിലാളി ആയിരുന്ന പ്രഭു ലാലിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: man's death in ambalapuzha due to debt updates