വാളയാർ കേസ്; മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവുനൽകി

dot image

കൊച്ചി: വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം നൽകി. മാതാപിതാക്കൾ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിലും ഇളവുനൽകി. ഹർജിയിൽ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേൾക്കും.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 2017 മാര്‍ച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

2017 മാര്‍ച്ച് 12 ന്, മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു സിബിഐ അന്വേഷണം നടത്തിയത്.

കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചിരുന്നു. കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും പങ്കുള്ളതായി ശക്തമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ പിയേഴ്‌സ് മാത്യു പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്.

Content Highlights: High Court stays arrest of parents accused in Walayar case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us