
ആലപ്പുഴ: നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി. ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താന എന്ന യുവതിയാണ് മൊഴി നല്‍കിയത്. ഇരു താരങ്ങളുമായി യുവതിയ്ക്കുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിനു ലഭിച്ചു.
പിടിയിലായ യുവതിയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് യുവതി വിതരണം ചെയ്തിരുന്നു. എന്നാൽ ആലപ്പുഴയിലും വിതരണക്കാരെ എത്തിച്ചതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു.
ആലപ്പുഴയിൽ നിന്നും രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് യുവതിയെ എക്സൈസ് പിടികൂടിയത്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ആലപ്പുഴ നാർക്കോട്ടിക് സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് യുവതി ആലപ്പുഴയിൽ നിന്ന് കഞ്ചാവുമായി എത്തിയത്. പൊലീസ് അന്വേഷണത്തിൽ തായ്ലാൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. കഞ്ചാവിന് പുറമേ ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയെന്നും പൊലീസ് കണ്ടെത്തി.പെൺകുട്ടിയെ ലഹരി നൽകി മയക്കിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതിയുമാണ് ക്രിസ്റ്റീന. യുവതി ആലപ്പുഴയിൽ എത്തിയതിനു പിന്നിലും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴയ്ക്ക് പുറമേ എറണാകുളത്തും മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് ക്രിസ്റ്റീന മൊഴി നൽകിയിട്ടുണ്ട്.
ഇവരിൽ നിന്ന് ലഭിച്ച ഹൈബ്രിഡ് കഞ്ചാവ് മാരക ലഹരി വസ്തുവെന്നാണ് എക്സൈസ് പറഞ്ഞത്. ഹൈഡ്രോഫോണിക് കൃഷിരീതിയിൽ തായിലാൻഡിൽ വികസിപ്പിച്ചതാണ് ഇവ. സാധരണ കഞ്ചാവിനേക്കാൾ 20 മടങ്ങ് ലഹരി ഇതിന് ഉണ്ടെന്നും അത്കൊണ്ട് തന്നെ എംഡിഎംഎയേക്കാൾ അപകടകാരിയാണ് ഹൈബ്രിഡ് എന്ന് അന്വേഷണ സംഘം പറയുന്നു.
content highlights : i handovered ghnaja to Shine Tom Chacko and Sreenath Bhasi'; Woman arrested with hybrid ganja