
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും റെയില്‍വെ ട്രാക്കില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് പ്രതി നോബിക്ക് ജാമ്യം അനുവദിച്ചത്. നോബി കഴിഞ്ഞ 28 ദിവസമായി റിമാൻഡിലായിരുന്നു. ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ഷൈനിയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഏറ്റുമാനൂർ പൊലീസ് നോബിയെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
ബിഎസ്സി നഴ്സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. വിവാഹമാേചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പുറമേ നോബിയായി വരുത്തിവെച്ച ചില സാമ്പത്തിക ബാധ്യതകളും ഷൈനിക്കുണ്ടായിരുന്നു.
നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കും വീട് പുതുക്കി പണിയുന്നതിനുമായി ഷൈനി കുടുംബശ്രീയില്‍ നിന്ന് വായ്പ്പയെടുത്തിരുന്നു. എന്നാല്‍ ഇത് തിരിച്ചടയ്ക്കാന്‍ നോബി സഹായിച്ചില്ല. ഇതോടെ മുതലും പലിശയും പെരുകി. നോബിയുടെ മാനസിക, ശാരീരിക പീഡനം സഹിക്കവയ്യാതെയാണ് ഷൈനി മക്കളുമായി സ്വന്തം വീട്ടിലേയ്ക്ക് പോയത്. മരിക്കുന്നതിന് തലേദിവസം ഷൈനിക്ക് നോബിയുടെ ഒരു ഫോണ്‍ കോള്‍ വന്നതായാണ് പൊലീസ് പറയുന്നത്. ഷൈനിയെ മാനസികമായി തളര്‍ത്തിയ ആ ഫോണ്‍ കോള്‍ മരണത്തിലേക്ക് നയിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.
Content Highlights: Accused Nobby Lukes granted bail in Ettumanoor case